
ബഹിരാകാശത്തേയ്ക്ക് പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രം കുറിച്ച് 21കാരിയായ അമേരിക്കൻ വിദ്യാർത്ഥി. ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കർസെൻ കിച്ചൻ ആണ് നേട്ടത്തിന് അർഹയായിരിക്കുന്നത്. ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ ബഹിരാകാശ പേടകത്തിൽ നാസ സ്പോൺസർ ചെയ്ത ഒരു ബഹിരാകാശ ശാസ്ത്രജ്ഞൻ ഉൾപ്പെടെ അഞ്ച് പേർക്കൊപ്പമാണ് കർസെൻ ബഹിരാകാശത്തെത്തിയത്. ആറംഗ സംഘം ഓഗസ്റ്റ് 29ന് രാവിലെ 9:07ന് വെസ്റ്റ് ടെക്‌സാസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് പുറപ്പെട്ടത്. ഏകദേശം 10 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യുകയും ചെയ്തു
ആരാണ് കർസെൻ കിച്ചൻ
'ബഹിരാകാശത്തിന്റെ തുടക്കം' എന്ന് വിശേഷിക്കപ്പെടുന്ന കർമാൻ രേഖ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് കർസെൻ കിച്ചൻ. ജ്യോതിശാസ്ത്രം പാഠ്യവിഷയമായ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് കർസെൻ. യുഎൻസി പ്രൊഫസറും ബഹിരാകാശത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന പിതാവ് ജിം കിച്ചന്റെ പാത പിന്തുടർന്നാണ് കർസെൻ ഈ മേഖലയിൽ എത്തിച്ചേർന്നത്. കർസെൻ ബ്ളൂ ഒറിജിന്റെ 2022 എൻഎസ്-20 മിഷന്റെ ഭാഗമായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിച്ചിരുന്നതായി കർസെൻ പറയുന്നു. ബഹിരാകാശത്ത് എത്തിയത് ജീവിതം തന്നെ മാറ്റിമറിച്ചു. പൂജ്യം ഗുരുത്വാകർഷണത്തിൽ നിന്ന് ഭൂമിയെ കണ്ടു. ഇത്തരത്തിൽ ഭൂമിയെ കാണാൻ സാധിക്കുന്നത് നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നുവെന്നും കർസെൻ വെളിപ്പെടുത്തി.
മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിക്കുന്ന ബ്ലൂ ഒറിജിന്റെ എട്ടാം മിഷന്റെ ഭാഗമായിരുന്നു കർസൻ. ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകനായ റോബ് ഫെർൽ, സാമൂഹികപ്രവർത്തകനായ നിക്കോളിന എൽറിക്ക്, സാഹസികനായ യൂജിൻ ഗ്രിൻ, വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി കാർഡിയോളജിസ്റ്റ് എൽമാൻ ജഹാംഗീർ, അമേരിക്കൻ-ഇസ്രായേൽ സംരംഭകൻ എഫ്രേം റാബിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിക്ഷേപണം മുതൽ ലാൻഡിംഗ് വരെയുള്ള മുഴുവൻ ദൗത്യം 10 മിനിറ്റ് എട്ട് സെക്കൻഡുമാണ് നീണ്ടുനിന്നത്. കർസെൻ കിച്ചനുമുൻപ് ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 18കാരനായ ഡച്ച് വിദ്യാർത്ഥി ഒലിവർ ഡെമെൻ ആണ്.