priyanandanan-

തിരുവനന്തപുരം: ഹേമ്മ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് പോലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും താൻ അതിന്റെ ഇരയാണെന്നും തുറന്നുപറഞ്ഞ് സംവിധായകൻ പ്രിയനന്ദനൻ. ഒരു മലയാളം മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'അത് മന്ദാര പൂവല്ല' എന്ന തന്റെ രണ്ടാമത്തെ സിനിമ മുടങ്ങിയത് പവർ ഗ്രൂപ്പിന്റെ ഇടപെടലിനെ തുടർന്നാണെന്നും സംവിധായകൻ ആരോപിക്കുന്നു. പൃഥ്വിരാജും കാവ്യാ മാധവനും അഭിനയിച്ച് സിനിമ ആറ് ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് മുടങ്ങിയത്. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജിന് വിലക്ക് വന്നതിനെ തുടർന്നാണ് സിനിമ മുടങ്ങിയതെന്നും പ്രിയനന്ദനൻ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുകൊണ്ട് ആളുകൾക്ക് ആത്മബലം കിട്ടിയെന്നും അന്യായങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മേഖലകളിൽ നടക്കുന്നുണ്ട് എന്ന താരതമ്യത്തിന്റെ ആവസ്യമില്ലെന്നും കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമ പ്രവർത്തകർ ഉറപ്പുവരുത്തണമെന്നും സംവിധായകൻ വ്യക്തമാക്കി.

അതേസമയം,​ ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാ മേഖലയിൽ ഉള്ളതെന്ന് നടി വിൻസി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ ലെെംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

പ്രതിഫലത്തിന് കോൺട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് അ‌ഞ്ച് വർഷമായിട്ടല്ലേയുള്ളൂവെന്നുമാണ് പറഞ്ഞതെന്നും താരം വെളിപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്. സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. എന്തിനാണ് മാറ്റി നിർത്തിയതെന്ന് അറിയില്ല. പ്രതികരിക്കുന്നവരോടാണ് ഈ സമീപനമാണെന്നും വിൻസി പറഞ്ഞു. പവർ ഗ്രൂപ്പിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും നടി വ്യക്തമാക്കി.