bangladesh-vs-pakistan
ബംഗ്ലാദേശ് - പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന്

റാവല്‍പിണ്ടി: ആദ്യ ടെസ്റ്റിലെ തോല്‍വി, തുടര്‍ന്നുണ്ടായ വിവാദങ്ങള്‍, ആരോപണങ്ങള്‍,തമ്മിലടി. രണ്ടാം ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിനെ 26 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ വിറപ്പിച്ച് നിര്‍ത്തിയപ്പോള്‍ വിന്റേജ് പാകിസ്ഥാന്‍ ക്രിക്കറ്റ് എന്ന് ഒരുവേള ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ഒരു പകല്‍ മുഴുവനാകുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും തോല്‍വി എന്ന ഞെട്ടിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണോ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നത് എന്ന ആശങ്കയിലാണ് രാവിലെ സന്തോഷിച്ച ആരാധകരുടെ ആശങ്ക. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് ഒമ്പത് എന്ന നിലയിലാണവര്‍.

സ്‌കോര്‍: പാകിസ്ഥാന്‍ 274, 9-2; ബംഗ്ലാദേശ് 262 ഓള്‍ ഔട്ട്

മഴ കാരണം ആദ്യ ദിവസം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (57), സയീം അയൂബ് (58), ആഗ സല്‍മാന്‍ (54) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ പാകിസ്ഥാന്‍ 274 റണ്‍സ് നേടി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസ് ആണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. താസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നഹീദ് റാണ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനെ പാകിസ്ഥാന്‍ വിറപ്പിക്കുകയായിരുന്നു. വെറും 26 റണ്‍സ് നേടുന്നതിനിടെ ആറ് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഫാസ്റ്റ് ബൗളര്‍മാരായ ഖുറാം ഷഹ്‌സാദ്, മിര്‍ അലി എന്നിവര്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു. ഷദാം ഇസ്ലാം (10) ഒഴികെ ഒരാള്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കൂറ്റന്‍ ലീഡ് നേടാമെന്ന പാക് പ്രതീക്ഷയെ അസ്ഥാനത്താക്കിയാണ് പിന്നീട് ലിറ്റണ്‍ ദാസ് (138), മെഹ്ദി ഹസന്‍ മിറാസ് (78) സഖ്യം മുന്നേറിയത്.

ഏഴാം വിക്കറ്റില്‍ ദാസ് - മിറാസ് സഖ്യം 175 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 13 ഫോറും നാല് സിക്‌സും സഹിതമാണ് ലിറ്റണ്‍ ദാസ് സെഞ്ച്വറി കുറിച്ചത്. ഈ കൂട്ടുകെട്ടിന്റെ മികവില്‍ 26ന് 6 എന്ന നിലയില്‍ നിന്ന് 262 വരെ ബംഗ്ലാദേശി സ്‌കോര്‍ എത്തി. വെറും 12 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് ഒമ്പത് റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീഖ്, ഖുറാം ഷഹ്‌സാദ് എന്നിവരാണ് പുറത്തായത്. രണ്ട് ദിവസത്തെ കളി ശേഷിക്കെ വെറും 21 റണ്‍സ് മാത്രമാണ് പാകിസ്ഥാന്റെ ആകെ ലീഡ്.