
തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ യുവനടിയുമൊത്ത് മാസ്‌കോട്ട് ഹോട്ടലിൽ പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. 101- ഡി എന്ന മുറിയിലാണ് 2016 ജനുവരി 28ന് സിദ്ദിഖ് താമസിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.
കേസിൽ നടി ആരോപിച്ചിരുന്നതു പോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ ഉണ്ടായിരുന്നു എന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. പരാതിയിൽ പറയുന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്കും ഇരുവരും ഒരുമിച്ചായിരുന്നു. 2016ലാണ് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. സിദ്ദിഖിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പലസുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.