
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില പൊതുമേഖല എണ്ണ കമ്പനികൾ 39 രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയിൽ 1740 രൂപയായി ഉയരും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. ആഗസ്റ്റ് ഒന്നിന് എൽ.പി.ജി സിലിണ്ടർ വിലയിൽ 6.5 രൂപയുടെ വർദ്ധന വരുത്തിയിരുന്നു. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. വിമാന ഇന്ധനങ്ങളുടെ വില ഇന്നലെ കിലോ ലിറ്ററിന് 4,495.5 രൂപ കുറച്ച് 93,480.22 രൂപയാക്കി. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകളിൽ സമാനമായ കുറവുണ്ടാകുമെന്ന് വ്യോമയാന കമ്പനികൾ പറയുന്നു.