airport
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍വ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചതോടെ വമ്പന്‍ കുതിപ്പിന് തയ്യാറെടുക്കുകയാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളം. വിമാനത്താവള നവീകരണത്തിനായി 600 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍. വ്യവസായങ്ങള്‍ നിരവധിയുള്ള കോയമ്പത്തൂര്‍ നഗരത്തിലെ വിമാനത്താവളത്തിന്റെ വികസനം ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണകരമാണ്.

കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ വികസനം കേരളത്തിനും ഫലത്തില്‍ ഗുണം ചെയ്യും. കേരള അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം മതി ഇവിടേക്ക് എത്തിച്ചേരാന്‍. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് വ്യവസായിക നഗരങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ പാലക്കാട് ഉള്‍പ്പെടുകകൂടി ചെയ്ത പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ മെച്ചപ്പെട്ട അവസരമാണ് കേരളത്തിനും. 3806 കോടി രൂപയുടെ വ്യവസായിക നഗര പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

കോയമ്പത്തൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി സംസ്ഥാന സര്‍ക്കാര്‍ കൈമാറാനായി വന്ന കാലതാമസം 14 വര്‍ഷങ്ങളുടേതാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കാലതാമസമുണ്ടാക്കിയത്. മുമ്പ് ചില ഉപാധികള്‍ മുന്നോട്ടുവച്ചിരുന്ന തമിഴ്‌നാട് ഇപ്പോള്‍ ഒരു ഉപാധിയുമില്ലാതെയാണ് 600 ഏക്കര്‍ വിട്ടുനല്‍കാന്‍ തയ്യാറായിരിക്കുന്നത്. സൗജന്യമായാണ് 600 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത്.

ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കരുതെന്നായിരുന്നു തമിഴ്നാടിന്റെ മുന്‍ നിലപാട്. എന്നാല്‍ ഇത്തരത്തിലുള്ള നിബന്ധനകള്‍ പൂര്‍ണമായും ഒഴിവാക്കി 99 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത്. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം രണ്ട് ദശാബ്ദക്കാലമായി വ്യവസായ ലോകം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. വലിയ വിമാനങ്ങള്‍ക്ക് കൂടി ലാന്‍ഡ് ചെയ്യാവുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാനും എയര്‍പോര്‍ട്ട് അതോരിറ്റിയ്ക്ക് പദ്ധതിയുണ്ട്.