railway

ബംഗളൂരു: വന്ദേഭാരത് ചെയര്‍ കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യതയ്ക്കും മുകളിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ എഡിഷനുകള്‍ക്കെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സ്ലീപ്പര്‍ എഡിഷനില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചെയര്‍ കാറുകളില്‍ ലഭിക്കുന്നത് വെറും സാമ്പിള്‍ മാത്രമാണ് എന്നത് തന്നെയാണ് അതിന് കാരണം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

823 ബെര്‍ത്തുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ബംഗളൂരുവിലെ ബിഇഎംഎല്‍ സന്ദര്‍ശിച്ച മന്ത്രി ട്രെയിനില്‍ ധാരാളം പുതുമകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സ്ലീപ്പര്‍ ട്രെയിനില്‍ എസി കംപാര്‍ട്ട്‌മെന്റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. ആകെ 823 ബെര്‍ത്തുകളുണ്ടാകും. ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്‌നാക് ടേബിള്‍ തുടങ്ങിയവ സജ്ജമാക്കുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിയിരിക്കുന്ന ട്രെയിനില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനവും ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേ പറയുന്നത്. ഓട്ടോമാറ്റഡ് ഡോര്‍, പരിസ്ഥിതി സൗഹൃദ ടോയ്‌ലെറ്റുകള്‍, യാത്രക്കാര്‍ക്ക് പുതുമ പകരുന്ന മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. നിലവില്‍ രാജധാനി ട്രെയിന്‍ ഓടുന്ന റൂട്ടുകളില്‍ ഒന്നിലേക്ക് വന്‌ദേഭാരത് സ്ലീപ്പര്‍ ഓടിക്കാനാണ് റെയില്‍വേ പദ്ധതി. വന്ദേഭാരത് ഒന്നിന് പുറകെ മറ്റൊന്ന് എന്ന തരത്തില്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കേരളത്തിന് പുതിയ ട്രെയിന്‍ പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷയുണ്ട്.

അതേസമയം ഏത് റൂട്ടിലായിരിക്കും പുതിയ ട്രെയിന്‍ ആദ്യം ഓടുകയെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. മുംബയ് - ന്യൂഡല്‍ഹി, അഹമ്മദാബാദ് - ന്യൂഡല്‍ഹി റൂട്ടുകളില്‍ ഒന്നിലേക്കായിരിക്കും ആദ്യത്തെ ട്രെയിന്‍ ഓടുകയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Best in the world बनना है!

🚄Vande Bharat Sleeper!
📍BEML in Bengaluru, Karnataka. pic.twitter.com/76bf1i9t2S

— Ashwini Vaishnaw (@AshwiniVaishnaw) September 1, 2024