
തിരുവനന്തപുരം : നടനും, എം.എൽ.എയുമായ എം. മുകേഷിനെതിരെ വടക്കാഞ്ചേരിയിലും ലൈംഗികാതിക്രമ കേസ്. 2011 ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവനടിയുടെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ചേലക്കരയിൽ സിനിമാ ചിത്രീകരണത്തിനിടെയാണ് മുകേഷും, സംഘവും ഓട്ടുപാറയിലെ ആഡംബര റെസിഡൻസിയിൽ താമസിച്ചത്. ഇന്ത്യൻ പീനൽ കോഡ് 354, 294 ബി വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരാതിയിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടുപാറയിലെ റസിഡൻസിയിലെത്തി തെളിവെടുക്കും.
കേസിൽ മൊഴിയെടുക്കുന്നതിനായി മുകേഷിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പരിഗണനയിലാണ്. പ്രധാന പരാതിയിൽ സമഗ്രാന്വേഷണം നടത്തുന്നതിനാൽ റിപ്പോർട്ട് പ്രത്യേക സംഘത്തിന് കൈമാറാനുള്ള സാദ്ധ്യതയുമുണ്ട്. ആലോചനകൾക്ക് ശേഷം കേസിന്റെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.