തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ ചൂഷണം നേരിടേണ്ടി വരുന്നുണ്ടെന്നുമുള്ള അഭിപ്രായത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസിനുള്ളില്‍ നേരിടുന്ന ചൂഷണങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിച്ച സിമി റോസ്‌ബെല്‍ ജോണിനെ പോലുള്ള നേതാക്കളെ അഭിനന്ദിക്കുന്നുവെന്നും അവര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
പവര്‍ ഗ്രൂപ്പിനേയും അവരുടെ നടപടികളേയും കുറിച്ച് സിമി പറഞ്ഞത് മുഴുവന്‍ അവരുടെ മാത്രം അഭിപ്രായമല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ നിരവധി വനിതാ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായമാണെന്നും പദ്മജ ചൂണ്ടിക്കാണിക്കുന്നു. പവര്‍ ഗ്രൂപ്പിനെ കുറിച്ച് പറയാന്‍ സിമി റോസ്‌ബെല്‍ ജോണ്‍ ആര്‍ജവം കാണിച്ചുവെന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും പദ്മജ പറയുന്നു. കോണ്‍ഗ്രസിനുള്ളിലെ പവര്‍ ഗ്രൂപ്പിന് വേണ്ടപ്പെട്ടവര്‍ക്ക് വളരെ പെട്ടെന്ന് ഉന്നത സ്ഥാനമാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ട്. വരും ദിവസങ്ങളില്‍ അവരും തുറന്നു പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. സംസ്‌കാരശൂന്യമായി അധിക്ഷേപിച്ചാല്‍ നിയമപരമായി എങ്ങനെ നേരിടണമെന്ന് വ്യക്തമായി ബോധ്യമുള്ളയാളാണ് സിമി എന്ന് ഓര്‍ത്താല്‍ നല്ലതെന്നും പദ്മജ പറഞ്ഞു.
പദ്മജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് ലഭിക്കുന്നതിനെതിരെ പ്രതികരിച്ച
സിമി റോസ്‌ബെല്‍ ജോണിന് അഭിനന്ദനങ്ങള്‍..
കോണ്‍ഗ്രസ് സൈബര്‍ അണികളുടെ തനിക്ക് നേരെയുള്ള തെറി വിളികള്‍ക്കെതിരെ സിമി റോസ് ബെല്‍ ജോണ്‍ DIG ക്ക് പരാതി നല്‍കി.. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, ആ പവര്‍ ഗ്രൂപ്പിന് താല്പര്യമുള്ള അനര്‍ഹര്‍ ആയ സ്ത്രീകള്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന പരാതിയാണ് സിമി ഉന്നയിച്ചത് ... അര്‍ഹതയില്ലാത്ത യുവ വനിതയ്ക്ക് അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് പെട്ടെന്ന് ലഭിച്ചതും, മറ്റൊരു വനിതയ്ക്ക് KPCC
ജനറല്‍ സെക്രട്ടറി പദം ലഭിച്ചതും പവര്‍ ഗ്രൂപ്പിന്റെ താല്‍പര്യക്കാര്‍ ആയതിനാലാണ് എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്...
ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല... കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്... സിമി അത് തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടി എന്നു മാത്രം... കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന നെറികേടുകള്‍ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരില്‍ സിമിയെ സൈബര്‍ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ
കോണ്‍ഗ്രസ് അണികള്‍ നടത്തുന്ന നീക്കം തികച്ചും അപലനീയം- സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്.. വരും ദിവസങ്ങളില്‍ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തില്‍ സംശയമില്ല..
ഒരു സ്ത്രീയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ചാല്‍ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന്
വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി.. ഓര്‍ത്താല്‍ നന്ന്..
പത്മജ വേണുഗോപാല്‍