
നല്ല ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും, രാത്രി നന്നായി ഉറങ്ങാൻ കഴിയാത്തത് ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. രാത്രി നല്ലം ഉറക്കം കിട്ടുന്നതിന് പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റായ ലവ്നീത് ബത്ര മികച്ച ഒരു പാനീയത്തെ പരിചയപ്പെടുത്തുതയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ. ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേർത്ത പാനീയമാണ് അവർ പരിചയപ്പെടുത്തുന്നത്.
ഉണക്കമുന്തിരിയും കുങ്കുമപ്പൂവും മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ അളവ് വർദ്ധിപ്പിച്ച് നിങ്ങളുടെ ഉറക്കത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നുവെന്ന് ലവ്നീത് ബത്ര വീഡിയോയിൽ പറയുന്നു.
ആന്റി ഓക്‌സിഡൻ്റുകളായ റെസ്‌വെറാട്രോൾ, പോളിഫെനോൾ എന്നിവയാൽ സമ്പന്നമായ കറുത്ത ഉണക്കമുന്തിരി നിങ്ങളുടെ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാനും മെലറ്റോണിൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുങ്കുമപ്പൂവിൽ സഫ്രാനൽ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. ഉണക്കമുന്തിരി ദഹനം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഈ ഘടകങ്ങൾ നല്ല ഉറക്കം നൽകുന്നു.
ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് ഉണക്കമുന്തിരിയും കുറച്ച് കുങ്കുമപ്പൂവും ഇട്ട് വയ്ക്കുക. നാലോ ആറോ മണിക്കൂറിന് ശേഷം ഇത് കുടിക്കാം. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂ മുമ്പ് കുടിക്കുന്നതായിരിക്കും നല്ലതെന്നും ന്യൂട്രിഷനിസ്റ്റ് പറയുന്നു.