
കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമമ്മദ് ഖാൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ ഗവർണറെ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. പ്രദോഷ ദീപാരാധനയ്ക്ക് ശേഷം പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ വീട്ടിലും ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. വീട്ടിൽ വച്ച് ആരിഫ് മുഹമ്മദ് ഖാനെ അഞ്ചു വയസുകാരൻ അഗ്നി എന്ന അഗ്നിദത്ത നരസിംഹ അഡിഗ ശിരസിൽ കൈവച്ച് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സുബ്രഹ്മണ്യ അഡിഗയുടെ അച്ഛൻ നരസിംഹ അഡിഗ ഗവർണറെ ഷാൾ അണിയിച്ച ശേഷം പ്രസാദം നൽകാനായി തയ്യാറാകുന്നതിനിടെയാണ് സംഭവം. സുബഹ്മണ്യ അഡിഗയുടെ മകനായ അഗ്നി, മുത്തച്ഛനിൽ നിന്ന് ആ പ്രസാദം വാങ്ങി ഗവർണർക്ക് നൽകുകയായിരുന്നു. കൂടാതെ ഗവർണറ കൈകകൾ ഉയർത്തി തലയിൽ തൊട്ട് അനുഗ്രഹിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെ ആ കുഞ്ഞു കൈകൾക്ക് എത്തുന്ന വിധം തന്നെ ശിരസ്സ് കുനിച്ചുകൊണ്ട് ഗവർണർ ആ കുഞ്ഞിന്റെ കൈകൾ വാത്സല്യത്തോടെ ചേർത്തു പിടിക്കുകയും ചെയ്തു. ഒരു യഥാർത്ഥ ഭക്തന് മാത്രം സാധിക്കുന്നത് എന്ന രീതിയിലാണ് ഗവർണറുടെ പ്രവൃത്തി സ്വാഗതം ചെയ്യപ്പെടുന്നത്. കൊല്ലൂർ മൂകാംബികയുടെ ഭാവി അർച്ചകനായാണ് അഗ്നിദത്ത നരസിംഹ അഡിഗയെ കണക്കാക്കുന്നത്.