
ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരും ഒരു മാദ്ധ്യമപ്രവർത്തകനുമുൾപ്പെടെ പത്ത് പേർക്ക് പരിക്ക്. വെടിവയ്പും സ്ഫോടനവും ഉണ്ടാകുകയായിരുന്നു.വെസ്റ്റ് ഇംഫാൽ ജില്ലയിലുണ്ടായ വെടിവയ്പിൽ സുർബല എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 12 വയസുള്ള മകൾ ചികിത്സയിലാണ്. ഇംഫാലിലെ കൗത്രുകിലാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗം ഹൈടെക് ഡ്രോണുകൾ ഉപയോഗിച്ച് ആക്രണമണം നടത്തിയെന്നാണ് കരുതുന്നത്.
ആയുധങ്ങൾ വഹിച്ച ഡ്രോൺ കണ്ടതായും ഡ്രോൺ ബോംബിൽ നിന്നുള്ള ചീളുകൾ ഒരു പൊലീസുകാരന്റെ കാലിൽ തട്ടിയതായും പൊലീസ് അറിയിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് 2.30ഓടെ പലയിടത്തും വെടിവയ്പ്പ് ആരംഭിച്ചതായാണ് റിപ്പോർട്ട്. ഡ്രോണുകൾ ഉപയോഗിച്ച് ബോംബുകൾ വർഷിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനവാസ മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കിയേക്കും.
ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഡ്രോൺ വീടിന് മുകളിൽ ബോംബിടുന്നതിന്റേയും വീട്ടുകാർ പ്രാണരക്ഷാർത്ഥം ഓടുന്നതിന്റേയും ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. ഒരു വീട് പൂർണമായും തകർന്നതായും റിപ്പോർട്ടുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യവും പിന്തുണയുമുള്ള ഉയർന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.
കദംഗ്ബന്ദിലെ വീടുകൾക്ക് കാവൽ നിന്നിരുന്ന ചിലർ പ്രത്യാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, സുരക്ഷാസേന ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.