andhra

വിജയവാഡ: കനത്ത മഴയിൽ ദുരിതമനുഭവിക്കുകയാണ് ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് നിരവധിപേർ മരിച്ചതായാണ് വിവരം. പലയിടത്തും റോഡ്, റെയിൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയിൽവെ അറിയിച്ചു.

നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എൻ‌ഡി‌ആർ‌എഫ് സംഘങ്ങളെയാണ് വിന്യസിച്ചത്. വരുംദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. തെലങ്കാനയിൽ ഒൻപത് പേർ മഴക്കെടുതിയിൽ മരിച്ചതായും മൂന്നുപേ‌‌ർ ഒഴുകിപ്പോയതായും സർക്കാർ സ്ഥിരീകരിച്ചു. മഹബൂബാബാദ്, ഖമ്മം, സൂര്യപേട്ട് അടക്കം ജില്ലകളിൽ മഴക്കെടുതി രൂക്ഷമാണ്.

ആന്ധ്രയിൽ 15 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ശ്രീകാകുളം, അല്ലൂരി സീതാരാമ രാജു,വിജയനഗരം,പാർവതിപുരം മന്യം,കാക്കിനട അടക്കം വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 17000ത്തോളം ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് നീക്കി. 107 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.

അതേസമയം പ്രളയസമാന സാഹചര്യം തുടരുന്ന ഗുജറാത്തിലും അടുത്ത ആഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അജ്വ അണക്കെട്ടിൽ നിന്ന് വിശ്വാമിത്രി നദിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും എട്ട് അടി വരെ ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്ടുകൾ.