
ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി ) ആം ആദ്ർമി പാർട്ടി (എഎപി) എംഎഎയുടെ വീട്ടിൽ പരിശോധന നടത്തി. ഡൽഹി വഖഫ് ബോർഡ് മുൻ ചെയർമാൻ കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടിലാണ് ഇഡിയുടെ പരിശോധന നടന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. അമാനത്തുള്ള വഖഫ് ബോർഡ് ചെയർമാനായിരിക്കെ അനധികൃത നിയമനവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
'ഏകാധിപതിയുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കളിപ്പാവയായ ഇഡി ഇന്ന് രാവിലെ വീട്ടിലെത്തി. അവർ വീട് മുഴുവൻ പരിശോധിച്ചു. വീട്ടിൽ നിന്ന് കിട്ടിയ രേഖകളും മറ്റും അവർ പരിശോധിച്ചു. എന്നെയും എഎപി നേതാക്കളെയും ദ്രോഹിക്കാനുള്ള ഒരു അവസരവും ഏകാധിപതി ഒഴിവാക്കില്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കുന്നത് തെറ്റാണോ? എത്രകാലം ഈ ഏകാധിപത്യം തുടരും?' , എക്‌സിൽ പങ്കുവച്ച വീഡിയോയിലൂടെ അമാനത്തുള്ള ഖാൻ ചോദിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭാര്യാ മാതാവിനെയും അമാനത്തുള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. സുരക്ഷയ്‌ക്കായി ഡൽഹി പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും അമാനത്തുള്ള ഖാന്റെ വീടിന് പുറത്ത് പരിശോധനാ സമയത്ത് വിന്യസിച്ചിരുന്നു. വീട്ടിലേക്കുള്ള വഴിയടക്കം ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ്.
#WATCH | AAP MLA Amanatullah Khan says "It is 7 AM right now. ED has come to my residence to arrest me in the name of a search warrant. My mother-in-law has been diagnosed with cancer. She had an operation four days ago. She is also at my house. I have written to them (ED) and I… https://t.co/cbjFYDnRh5 pic.twitter.com/xFrJkN5pol
— ANI (@ANI) September 2, 2024
അമാനത്തുള്ള ഖാന് പിന്തുണ പ്രഖ്യാപിച്ച എഎപി, ഇഡി പരിശോധനയെ അപലപിച്ചു. എംഎൽഎ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പാർട്ടി ആരോപിച്ചു. ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കിലിന് അമാനത്തുള്ള ഖാൻ ഇരയാക്കപ്പെടുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ അമാനത്തുള്ളയെ ഇഡി ചോദ്യം ചെയ്‌തിരുന്നു. കേസിൽ ഡൽഹി ആന്റി കറപ്‌ഷൻ ബ്രാഞ്ച് 2022 സെപ്‌തംബറിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ സിബിഐ കേസെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് ഇഡി അന്വേഷണം നടത്തുന്നത്.