m-s-dhoni

മുംബയ്: ഇന്ത്യൻ മുൻ ക്യാപ്‌ടൻ എം എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി ഇന്ത്യൻ ഇതിഹാസ താരം യുവ്‌രാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ധോണി മകന്റെ കരിയർ നശിപ്പിച്ചതായി മുൻപും മുൻ ക്രിക്കറ്റ് താരം കൂടിയായ യോഗ്‌രാ‌ജ് സിംഗ് ആരോപിച്ചിരുന്നു. യോഗ്‌രാജിന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

'ഞാൻ ഒരിക്കലും എം എസ് ധോണിയോട് ക്ഷമിക്കില്ല. അദ്ദേഹം സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം. അദ്ദേഹം വലിയൊരു ക്രിക്കറ്ററാണ്. എന്നാൽ എന്റെ മകനെതിരായി അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളും ഇപ്പോൾ പുറത്തുവരികയാണ്. ഞാൻ രണ്ട് കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും ചെയ്തിട്ടില്ല. ഒന്ന്, എന്നോട് തെറ്റ് ചെയ്ത ഒരാളോടും ഞാൻ പൊറുത്തിട്ടില്ല. രണ്ടാമത്, അവരെ ഒരിക്കലും ആലിംഗനം ചെയ്തിട്ടില്ല, അത് എന്റെ ബന്ധുക്കളായാലും മക്കളായാലും'- യോഗ്‌രാജ് സിംഗ് പറഞ്ഞു.

ഈ വ‌ർഷമാദ്യവും ധോണിക്കെതിരെ യുവ്‌രാജിന്റെ പിതാവ് ആരോപണങ്ങൾ ഉയർത്തിയിരുന്നു. 2024 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) പരാജയമേറ്റുവാങ്ങേണ്ടി വന്നത് ധോണിയുടെ മോശം പ്രവർത്തനങ്ങൾ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ധോണിക്ക് യുവരാജിനോട് അസൂയയാണെന്നും അദ്ദേഹം ആരോപിച്ചു.

'2024ലെ ഐപിഎല്ലിൽ സിഎസ്‌കെ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് അവർ തോറ്റത്? നിങ്ങൾ എന്താണ് വിതയ്ക്കുന്നത് അതാണ് കൊയ്യുന്നത്. യുവ്‌രാജ് ഐസിസി അംബാസിഡറാണിപ്പോൾ, അതിന് കയ്യടി നൽകുന്നു. എന്നാൽ അസൂയക്കാരനായ ധോണി ഇപ്പോൾ എവിടെയാണ്? അദ്ദേഹം യുവ്‌രാജിന് കൈകൊടുക്കുക പോലുമില്ല. ഇതെല്ലാമാണ് സിഎസ്‌കെയുടെ പരാജയത്തിന് കാരണം'- എന്നായിരുന്നു യോഗ്‌രാ‌ജ് സിംഗ് പറഞ്ഞത്.