
മുംബയ്: മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിംഗ് വീലിൽ പിടിമുറുക്കിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്. മുംബയിലെ ലാൽബാഗിൽ 'ബെസ്റ്റ്' (ബ്രിഹാൻ മുംബയ് ഇലക്ട്രിക് സപ്ലെെ ആൻഡ് ട്രാൻസ്പോർട്ട്) ബസാണ് അപകടത്തിൽപെട്ടത്.
ദക്ഷിണ മുംബയിലെ ബല്ലാർഡ് പിയറിൽ നിന്ന് സിയോണിലെ റാണി ലക്ഷ്മിഭായ് ചൗക്കിലേക്ക് പോവുകയായിരുന്ന റൂട്ട് 66ലെ ബസിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബസിൽ കയറിയ യാത്രക്കാരനും ഡ്രെെവറും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബസ് ലാൽബാഗിന് സമീപമുള്ള ഗണേഷ് ടാക്കീസിൽ എത്തിയപ്പോൾ ബസിന്റെ സ്റ്റിയറിംഗ് വീലിൽ യാത്രക്കാരൻ പിടിമുറുക്കുകയായിരുന്നു. യാത്രക്കാരന്റെ അപ്രതീക്ഷിത നീക്കത്തിൽ ഡ്രെെവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി.
റോഡിലുണ്ടായിരുന്ന രണ്ട് ബെെക്കുകളെയും ഒരു കാറിനെയും ഇടിച്ചു. വാഹനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. പിന്നാലെ കാൽനടയാത്രക്കാരെയും ഇടിക്കുകയായിരുന്നു. മദ്യപിച്ച് ബസിൽ പരാക്രമം കാണിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.