
കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് പ്രവേശനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി ഈ ബാങ്കിലെ അംഗങ്ങളും ഇടപാടുകാരുമായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചത്. പിന്നാലെ കേരള സർക്കാർ അതിനായി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.
അർജുനായുള്ള തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രെഡ്ജിംഗ് മെഷീൻ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയിലാണെന്നും കൃഷ്‌ണപ്രിയ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്‌ണപ്രിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രെഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 96 ലക്ഷം രൂപയാണ് ഡ്രെഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്. ഗോവയിൽ നിന്നാണ് ഇത് എത്തിക്കുന്നത്. പുഴയിൽ പ്രവർത്തിപ്പിക്കാൻ വേറെ ചെലവ് വേണ്ടിവരും.
ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ - കന്യാകുമാരി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നതും അർജുനെ കാണാതാകുന്നതും. 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ.