
കലാവസ്‌തുക്കൾ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങൾ എല്ലാ നാട്ടിലുമുണ്ട്. നൃത്തമോ ചിത്രങ്ങളോ പാട്ടോ സിനിമയോ മറ്റ് രൂപങ്ങളോ ആയി ബന്ധപ്പെട്ട നിരവധി മ്യൂസിയങ്ങളുണ്ട്. അത്തരത്തിൽ ഫ്രാൻസിലെ ഒരു മ്യൂസിയത്തിലുള്ള വ്യത്യസ്‌തമായ ഒരു കലാ പ്രദർശനമാണ് ഇപ്പോൾ വാർത്തയാകുന്നത്.
മ്യൂസിയത്തിൽ വരാം വസ്‌ത്രമില്ലാതെ
സാധാരണ കലാപ്രദർശനം കാണാൻ വരുന്നതുപോലെയല്ല ഈ മ്യൂസിയത്തിൽ വരേണ്ടത് പകരം കാണാൻ എത്തുന്നയാളും നഗ്നനായിരിക്കണം. അതെ കലയെ അതിന്റെ തനത് രീതിയിൽ ആസ്വദിക്കാൻ ഫ്രാൻസിലെ മ്യൂസെം എന്ന മ്യൂസിയമാണ് കാഴ്‌ചക്കാരനെയും നഗ്നരായി വരാൻ ആവശ്യപ്പെടുന്നത്. മാസത്തിലൊരിക്കലാകും ഇത്തരത്തിലുള്ള പ്രദർശനം.
പ്രകൃതിവാദം അഥവാ നാച്ചുറിസം എന്ന രീതി പിന്തുടരുന്ന സംഘടനയാണ് ഈ വ്യത്യസ്‌ത കലാ പ്രദർശനത്തിന്റെ പിന്നിൽ. പൊതു-സ്വകാര്യ ഇടങ്ങളിൽ നഗ്നരായി മനുഷ്യർ ഒത്തുചേരുന്ന രീതിയാണ് പ്രകൃതിവാദം.
പാദരക്ഷ ധരിക്കണം
മ്യൂസിയത്തിൽ വസ്‌ത്രം ധരിക്കാതെ വരാമെങ്കിലും പാദരക്ഷ ധരിക്കേണ്ടതുണ്ട്. ഇവിടുത്തെ ഫ്ളോറിന് തകരാർ സംഭവിക്കാതിരിക്കാനാണിതെന്നാണ് ഫ്രാൻസിലെ നാച്ചുറിസ്‌റ്റ് സംഘടനാ നേതാക്കൾ പറയുന്നത്. സാധാരണ മ്യൂസിയം അടച്ചിരിക്കുന്ന സമയത്താകും നഗ്നരായി പ്രദർശനം കാണാനുള്ള അവസരം ഉണ്ടാകുക.
നാച്ചുറിസ്‌റ്റ് പാരഡൈസസ് എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ചിത്രങ്ങൾ, സിനിമകൾ,വിവിധ മാസികകൾ, പെയിന്റിംഗുകൾ, ശിൽപങ്ങൾ എന്നിവയടക്കം 600-ലധികം വസ്‌തുക്കൾ പ്രദർശിപ്പിക്കുന്നു. ഇവയിൽ ഫ്രാൻസിലെയും സ്വിറ്റ്‌സർലാൻഡിലെയും സ്വകാര്യ കളക്ഷനുകളും പെടും.
ഫ്രഞ്ച് നാച്ചുറിസ്റ്റ് ഫെഡറേഷനാണ് ഈ വിചിത്ര കലാപ്രദർശനത്തിന്റെ ഉത്തരവാദിത്വം. മാസത്തിൽ ഒരിക്കൽ മ്യൂസെം മ്യൂസിയത്തിൽ നടത്തുന്ന വ്യത്യസ്‌ത എക്‌സിബിഷൻ കാണാൻ ആളുകൾ നഗ്നരായിത്തന്നെ എത്തുന്നുണ്ട്. പ്രകൃതിവാദം പിന്തുടരുന്നവർക്ക് പറ്റിയ ലോകത്തിലെ രാജ്യം ഫ്രാൻസ് ആണെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ യൂറോപ്പിൽ സ്വിറ്റ‌്സർലാന്റ് ഒഴികെ ഒരിടത്തും കൃത്യമായി നാച്ചുറിസം പിന്തുടരുന്നില്ല. പ്രദർശനം കാണാൻ ഇതുവരെയെത്തിയത് 80 പേരാണ്. ഡിസംബർ ഒൻപത് വരെയാണ് പ്രദർശനം നടക്കുക.മ്യൂസിയം അധികൃതർ പറയുന്നു.

മ്യൂസെം
ദി മ്യൂസിയം ഓഫ് യൂറോപ്യൻ ആൻഡ് മെഡിറ്ററേനിയൻ സിവിലൈസേഷൻ ആണ് മ്യൂസെം എന്നറിയപ്പെടുന്ന മ്യൂസിയം.2013 ജൂൺ ഏഴിന് ഉദ്‌ഘാടനം ചെയ്യപ്പെട്ട ഈ മ്യൂസിയം ചുരുങ്ങിയകാലം കൊണ്ട് വ്യത്യസ്‌തമായ പ്രദർശനം കൊണ്ട് ശ്രദ്ധനേടി. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച സെന്റ് ജീൻ ഫോർട്ട് എന്ന കോട്ടയുടെ സമീപത്തായി മുൻ തുറമുഖ ടെർമിനൽ ഭാഗത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
പ്രകൃതിവാദം അഥവാ നാച്ചുറിസം
പൊതു ഇടങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ ലൈംഗികോദ്ദേശത്തോടെയല്ലാതെ പരിപൂർണ നഗ്നരായി മനുഷ്യർ ഒത്തുചേരുന്നതാണ് പ്രകൃതിവാദം. ഇതൊരു സാംസ്‌കാരിക കൂട്ടായ്‌മയായാണ് ഇതിനെ അനുകൂലിക്കുന്നവർ കാണുന്നത്. 19-ാം നൂറ്റാണ്ടിൽ സ്വിറ്റ്സർലാന്റിലും ജർമ്മനിയിലുമാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഫ്രാൻസിൽ 1930ലാണ് എത്തിയതെങ്കിലും വളരെപെട്ടെന്ന് ശ്രദ്ധനേടി.