adgp-ajithkumar
കോട്ടയത്ത് നടക്കുന്ന 37ാം കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ. എഡിജിപി എംആർ അജിത്കുമാർ വേദിയിൽ. ഫോട്ടോ: ശ്രീകുമാർ ആലപ്ര

കോട്ടയം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി എഡിജിപി എംആർ അജിത്കുമാർ. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളുടെയും നിജസ്ഥിതി മനസിലാക്കി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കാനായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണെന്ന് അദ്ദേഹം പറഞ്ഞു. അവർ ഇക്കാര്യം അന്വേഷിക്കട്ടെയെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തിപരമാണോ, പദവിയിൽ നിന്ന് മാറി നിൽക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയാതെ മടങ്ങി. ഒരൊറ്റ വാചകത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ച് മടങ്ങിയത്.

അതേസമയം, പൊലീസ് അസോസിയേഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം സേനയിൽ നടത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. കഴിഞ്ഞ 29 വർഷമായി പൊലീസ് സേനയിൽ പ്രവർത്തിക്കുന്നു. സിവിൽ പൊലീസ് എന്ന പേര് കൊണ്ടുവന്നത് താനാണ്. സർവീസിൽ കയറിയത് മുതൽ കേരള പൊലീസിൽ പല മാറ്റങ്ങൾക്കും കാരണക്കാരനായിട്ടുണ്ട്. അതിൽ അഭിമാനിക്കുന്നു. ഇത് ഇനി മാറ്റിപ്പറയാൻ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയില്ല'- എംആർ അജിത്കുമാർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊലീസിനെ വിശ്വസിക്കുന്നുണ്ടെന്നും ആ വിശ്വാസം സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കും സർക്കാരിനും വേണ്ടി പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.