
ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റെെച്ചിൽ ഭീതിവിതച്ച് നരഭോജിയായ ചെന്നായ്ക്കൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവയുടെ ആക്രമണത്തിൽ ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. 'ഓപ്പറേഷൻ ഭീഡിയ' എന്ന പേരിൽ ഇവയെ പിടികൂടാനുള്ള പ്രത്യേക ദൗത്യം തുടരുകയാണ്. ഇതിനോടകം നാല് ചെന്നായ്‌ക്കളെ പിടികൂടി.
ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്. എന്നാൽ ചെന്നായ തുടർച്ചയായി വാസസ്ഥലം മാറുന്നത് തെരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്. മനുഷ്യന്റെ ഗന്ധം ലഭിക്കാൻ കുട്ടികളുടെ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായ്ക്കൾ വരുമെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ച് കെണി ഒരുക്കുന്നത്. കെണിവച്ച സ്ഥലത്ത് ചെന്നായ്‌ക്കളെ എത്തിക്കാൻ പടക്കം ഉൾപ്പെടെ പൊട്ടിക്കുന്നുണ്ട്.
ആനപ്പിണ്ടം ഉപയോഗിച്ചു ചെന്നായ്‌യെ തുരത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ആനയെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലത്തേക്ക് ചെന്നായ്ക്കൾ അധികം വരില്ല. അതിനാൽ ചെന്നായ എത്തുന്ന സ്ഥലത്ത് ആനപ്പിണ്ടം വച്ചാൽ അവ ആനയുടെ സാന്നിദ്ധ്യം മനസിലാക്കി അവിടെ നിന്ന് മാറിപോകുന്നുമെന്നാണ് അധികൃതർ പറയുന്നത്. ആകെ ആറ് ചെന്നായ‌്‌ക്കളാണ് പ്രദേശത്ത് എത്തുന്നത്. ഇതിൽ നാലെണ്ണത്തെ പിടികൂടി. ബാക്കിയുള്ള രണ്ട് ചെന്നായ‌്‌ക്കളാണ് ഇപ്പോൾ ഭീതിപരത്തുന്നത്. അവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.