flower

മുഹമ്മ: മണ്ണഞ്ചേരി കലവൂർ ആരാമം ജംഗ്ഷന് സമീപത്തെ എച്ച്.എസ്.ഹരീഷിന്റെ വീട്ടുമുറ്റത്ത് അലങ്കാരമായി നട്ട നാഗലിംഗ മരം ഇപ്പോൾ നാട്ടുകാർക്ക് ഹരമാണ്. മുറ്റത്തെത്തുന്നവർ ആരായാലും ഒന്നുനിൽക്കും, പൂവിന്റെ ഹൃദ്യമായ സുഗന്ധവും മനോഹാരിതയും ആസ്വദിക്കും.

കേരളത്തിലെ ശിവക്ഷേത്രങ്ങളിലാണ് വിരളമായെങ്കിലും നാഗലിംഗ മരങ്ങൾ കാണാറുള്ളത്. വീടുകളിൽ അത്യപൂർവം. അതുകൊണ്ടുതന്നെ ഹരീഷിന്റെ വീട്ടിലെ മരം നാട്ടുകാർക്ക് കൗതുകകാഴ്ചയാണ്.

വർഷത്തിൽ മൂന്നു പ്രാവശ്യം ഇലപൊഴിക്കുമെങ്കിലും മൂന്നാംനാൾ തളിരില ചൂടി താരുണ്യത്തിലേക്ക് വേഗം മരം തിരിച്ചെത്തും. 30മീറ്റർ ഉയരവും 9 അടി ചുറ്റളവുമുള്ള ഈ മരത്തിന് 38 വർഷം പഴക്കവും ഉണ്ട്. ഹരീഷ് സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകും വഴി കാലടി ശങ്കരാചാര്യ മഠത്തിൽ നിന്ന് സൗജന്യമായി നൽകിയ തൈ വീട്ടുമുറ്റത്ത് തന്നെ നട്ടു. പിന്നീട് പതിയെ വേരുകൾ മണ്ണിലേക്കും കൊമ്പുകൾ ആകാശത്തേയ്ക്കും പടർന്നു.

ഹരീഷിന്റെ അച്ഛൻ ശിവാനന്ദൻപിള്ളയും അമ്മ ഹേമലതയും നാഗലിംഗ മരത്തെ ദേവ വൃക്ഷമായി കരുതിയാണ് പരിചരിക്കുന്നത്. ഭാര്യ ലിഷയ്ക്കും മക്കളായ ആയുഷിനും ശ്രീറാമിനുമെല്ലാം മരത്തോട് വലിയ ഇഷ്ടവുമാണ്.

കായ്കളിൽ ഒന്നേ കിളിർക്കൂ

ഉഷ്ണമേഖലാമഴക്കാടുകളിൽ കാണുന്ന വന വൃക്ഷമാണ് നാഗലിംഗം. ചിലസ്ഥലങ്ങളിൽ സർപ്പഗന്ധിയെന്നും അറിയപ്പെടുന്നു. വീതിയുള്ള ചുവന്ന ദളങ്ങൾക്ക് നടുവിലെ ശിവലിംഗത്തിനുമേൽ ആയിരം ഫണങ്ങൾ വിരിച്ചു നിൽക്കുന്ന സർപ്പത്തെ പോലെ തോന്നിക്കുന്നതാണ് ഇതിന്റെ പൂവ്. അങ്ങനെയാണ് നാഗലിംഗമെന്ന എന്ന സംസ്‌കൃത പേരുവീണത്.

ദേവവൃക്ഷമായ ഇതിന് കൈലാസ പതിയെന്നും പേരുണ്ട്. തടിയിലാണ് പൂവുണ്ടാകുന്നത്. ഒരു കുലയിൽ നൂറിലധികം പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഒന്നു മാത്രമായിരിക്കും. നൂറുകണക്കിന് കായ്കളിൽ ഒന്ന് മാത്രമേ കിളിർക്കൂ എന്ന അപൂർവതയും ഈ മരത്തിന് സ്വന്തം. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ പൂജയ്ക്കായി പൂക്കൾ ഉപയോഗിക്കാറുണ്ടെങ്കിലും കേരളത്തിൽ തീരെയില്ല. മരത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.

അഞ്ച് കിലോയോളം വരുന്ന കുടങ്ങൾ പോലുള്ള ഇതിന്റെ ഫലങ്ങൾ പൊട്ടിച്ച് കോഴി ഉൾപ്പെടെയുള്ള പക്ഷികൾക്ക് തീറ്റയായി കൊടുക്കാറുണ്ട്.