
മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഹൽവ. കേരളത്തിലെ കോഴിക്കോട് ജില്ല കൂടുതൽ അറിയപ്പെടുന്നത് തന്നെ ഹൽവയുടെ പേരിലാണ്. പൈനാപ്പിൾ, കരിക്ക്, ഈന്തപ്പഴം, മാമ്പഴം, അരി, അവൽ എന്നിങ്ങനെ പലതരത്തിലുള്ള ഹൽവകൾ കേരളത്തിൽ ലഭിക്കും. എന്നാൽ നിങ്ങൾ തേങ്ങാ ഹൽവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ എളുപ്പത്തിലും വേഗത്തിലും ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
പഞ്ചസാര - ഒരു കപ്പ്
വെള്ളം - കാൽക്കപ്പ്
തേങ്ങാപ്പാൽ - ഒരു കപ്പ്
തേങ്ങ - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - 15 എണ്ണം
നെയ്യ് - മൂന്ന് സ്പൂൺ
ഏലക്ക - രണ്ട്
കോൺഫ്‌ളോർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം തേങ്ങാപ്പാലിൽ രണ്ട് ഏലക്ക ചേർത്ത് വയ്ക്കുക. ശേഷം തേങ്ങാപ്പാലിൽ നിന്ന് ഏലക്ക കളഞ്ഞ് കോൺഫ്‌ളോർ ഇതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പിന്നീട് ഒരു പാനെടുത്ത് അതിലേക്ക് പാകത്തിന് നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായ ശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് വഴറ്റിയെടുക്കണം. എന്നിട്ട് കലക്കിവച്ചിരിക്കുന്ന തേങ്ങാപ്പാൽ മിശ്രിതം ഈ പാനിലേക്ക് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം. അത് കുറുകി വരുമ്പോൾ പഞ്ചസാര കുറച്ച് കുറച്ച് ചേർത്ത് ഇളക്കുക. ശേഷം ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് നല്ലപോലെ ഇളക്കാം. ഈ മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടുവരുന്ന സമയം നോക്കി തീ അണച്ച് തേങ്ങ പൊടിയായി അറിഞ്ഞ് അതിലേക്ക് ചേർക്കു. ശേഷം ഇളക്കി മാറ്റിവയ്ക്കണം. നല്ല കിടിലൻ തേങ്ങാ ഹൽവ റെഡി.