
ഇന്ന് മിക്കവാറും വീടുകളിൽ ചെറിയൊരു അടുക്കളത്തോട്ടമെങ്കിലും ഉണ്ടാവും. തോട്ടത്തിൽ ഒരു കറിവേപ്പില ചെടിയും സാധാരണമാണ്. വീടിന്റെ പരിസരത്തായും പറമ്പിലും കറിവേപ്പിലച്ചെടി നട്ടുവളർത്തുന്നവരുണ്ട്. അതുപോലെ തന്നെ ഇന്ന് ഏറെപ്പേർ വിശ്വസിക്കുന്ന ഒന്നാണ് വാസ്‌തുശാസ്ത്രം. വീട് പണിയുമ്പോഴും വീട് ഒരുക്കുമ്പോഴും വാസ്തുവിന് വലിയ പ്രാധാന്യം നൽകുന്നവരുണ്ട്. വാസ്തുശാസ്ത്ര പ്രകാരം വളരെയേറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് കറിവേപ്പില. ഈ ചെടി നടുന്നതിന് വാസ്തുശാസ്ത്രത്തിൽ പ്രത്യേക സ്ഥാനങ്ങളും നിഷ്‌കർഷിക്കുന്നുണ്ട്.
കറിവേപ്പില ശരിയായ ദിശയിൽ നടുന്നത് ചെടിക്ക് ആരോഗ്യം നൽകുന്നതിനൊപ്പം കുടുംബത്തിന് സമൃദ്ധിയും പ്രദാനം ചെയ്യും. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ ദോഷം ഭവിക്കുകയും ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കും ഇടയാക്കും. അതിനാൽ തന്നെ കറിവേപ്പില നടുന്നതിനുള്ള ശരിയായ ദിശകൾ ഏതെന്ന് മനസിലാക്കാം.
വീട്ടിൽ കറിവേപ്പില നടുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം പടിഞ്ഞാറ് ദിശയാണ്. കറിവേപ്പില ഉണങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കിലേയ്ക്കും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും നയിക്കും. കറിവേപ്പിലയുടെ അരികിലായി മറ്റ് ചെടികൾ നട്ടുവളർത്താൻ പാടില്ല. കൂടാതെ പുളിമരത്തിന് സമീപത്തായി കറിവേപ്പ് വളർത്താനും പാടില്ല. ഇത് വീടിന്റെ സാമ്പത്തിക ഭദ്രതയെ താളം തെറ്റിക്കുമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ശരിയായ ദിശയിൽ കറിവേപ്പ് നട്ടുവളർത്തുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സഹായിക്കുന്നു.