
നമ്മുടെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകാറുണ്ട്. വീട്ടിൽ പോയ ശേഷം വിദ്യാത്ഥികൾ പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കാനാണ് പലരും ഹോം വർക്ക് നൽകുന്നത്. പല വിദ്യാർത്ഥികളും ആലോചിച്ചിട്ടുണ്ടാകും ആരാണ് ഈ ഹോം വർക്ക് കണ്ടുപിടിച്ചതെന്ന്.
അവനെ കെെയിൽ കിട്ടിയാൽ രണ്ട് കൊടുക്കാമെന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത. അവസാനം ആളെ കിട്ടി. ഇറ്റലിയിൽ 1905 കാലഘട്ടത്തിൽ ജീവിച്ചിരുന്ന റോബർട്ടോ നെവിലിസാണ് ഹോം വർക്ക് ആദ്യമായി കൊണ്ടുവന്നത്. കുട്ടികൾ കൂടുതൽ നേരം പഠിക്കാനായി തന്റെ വിദ്യാർത്ഥികൾക്ക് ഒരു ശിക്ഷയായാണ് അദ്ദേഹം ഹോം വർക്ക് നൽകിയിരുന്നത്. വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോയാൽ പഠനത്തിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി. ഇത് മാറ്റാനാണ് ഇങ്ങനെയൊരു രീതി കൊണ്ടുവന്നത്.
അടുത്തിടെ റോബർട്ടോ നെവിലിസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. '@amazing_.facts' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇത് വന്നത്. ഇദ്ദേഹമാണ് ഹോം വർക്ക് കണ്ടുപിടിച്ചത് എന്ന് അടിക്കുറിപ്പും അതിൽ ഉണ്ടായിരുന്നു. പിന്നാലെ നിരവധി ലെെക്കും കമന്റും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
'ഈ മനുഷ്യൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ വിദ്യാർത്ഥികൾ വെറുതെ വിടില്ലായിരുന്നു', ആ സമയത്ത് ഞാൻ ഉണ്ടായിരുന്നുവെങ്കിൽ ഇത് നിർത്തിവയ്ക്കുമായിരുന്നു' തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.