
കെയ്ൻസ് ടെക്നോളജീസിന്റെ പുതിയ ചിപ്പ് ഫാക്ടറിക്ക് മന്ത്രിസഭ അനുമതി
കൊച്ചി: ഗുജറാത്തിലെ സാനന്ദിൽ കെയ്ൻസ് ടെക്നോളജീസ് 3,307 കോടി രൂപയുടെ നിക്ഷേപത്തിൽ സെമികണ്ടക്ടർ ചിപ്പുകളുടെ അസംബ്ളി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. പ്രതിദിനം 63 ലക്ഷം ചിപ്പുകൾ നിർമ്മിക്കുന്നതിന് ശേഷിയുള്ള ഫാക്ടറിക്കായി ഭൂമി ഏറ്റെടുത്തുവെന്ന് ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് അശ്വനി വൈഷ്ണവ് പറഞ്ഞു. വ്യാവസായിക, ഓട്ടോമൊബൈൽ, വൈദ്യുത വാഹനങ്ങൾ, ടെലികോം, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്കായുള്ള ചിപ്പുകളാണ് ഇവിടെ നിന്നും പുറത്തിറക്കുന്നത്.
നേരത്തെ നാല് സെമികണ്ടക്ടർ ചിപ്പ് യൂണിറ്റുകൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. മൈക്രോണിന്റെ സാനന്ദ് ഫാക്ടറി, ടാറ്റ ഇലക്ട്രോണിക്സിന്റെ ഗുജറാത്തിലെ ധൊലേറയിലെ സെമികണ്ടക്ടർ ഫാബ്, അസമിലെ മോറിഗാവോണിലെ സെമികണ്ടക്ടർ യൂണിറ്റ്, സി.ജി പവറിന്റെ ഗുജറാത്ത് സാനന്ദിലെ സെമികണ്ടക്ടർ യൂണിറ്റ് എന്നിവയ്ക്കാണ് നേരത്തെ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. വിവിധ പദ്ധതികളിലായി സെമികണ്ടക്ടർ മേഖലയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതുവരെ പച്ചക്കൊടി ലഭിച്ചത്. നാല് പ്ളാന്റുകളിലുമായി പ്രതിദിനം ഏഴ് കോടി ചിപ്പുകൾ ഉത്പാദിപ്പിക്കാനാകും.
ഇന്ത്യയുടെ ആദ്യ ചിപ്പുകൾ അടുത്ത വർഷം വിപണിയിൽ
ഇന്ത്യയിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സെമികണ്ടക്ടർ ചിപ്പുകൾ അടുത്ത വർഷം മദ്ധ്യത്തോടെ വിപണിയിലെത്തും. ആഗോള സെമികണ്ടക്ടർ ചിപ്പുകളുടെ വിപണിയിലെ മുൻനിര ശക്തിയായി ഇന്ത്യയ്ക്ക് ഉയർന്നുവരാൻ കഴിയുന്ന ആവാസ വ്യവസ്ഥ ഒരുങ്ങുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അമേരിക്കയിലെ പ്രമുഖ മെമ്മറി കാർഡ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജീസിന്റെ ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ ചിപ്പുകൾ വിപണിയിലെത്തുന്നത്. ഇലക്ട്രോണിക്സ്, വാഹന വിപണികളിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് പുതിയ സാഹചര്യം വഴിതെളിയിക്കും.
സെമികണ്ടക്ടർ മേഖലയിലെ മൊത്തം നിക്ഷേപം
1.5 ലക്ഷം കോടി രൂപ
നാല് പ്ളാന്റുകളിലെ ഉത്പാദനം
പ്രതിദിനം ഏഴ് കോടി ചിപ്പുകൾ