help

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിൽ പൂർത്തിയായപ്പോൾ അന്നാട്ടുകാർ വിചാരിച്ചു, 'ഇനിയൊരു ശത്രുവിനും ഞങ്ങളെ തോല്പിക്കാൻ കഴിയില്ല". എന്നാൽ അധികം താമസിക്കാതെ ഒരു ശത്രുരാജ്യം ചൈനയെ ആക്രമിക്കുകയും വൻമതിൽ കടന്ന് രാജ്യത്തിനകത്തു പ്രവേശിക്കുകയും അവരെ കീഴ്പ്പെടുത്തുകയും ചെയ്തു. എന്താണു സംഭവിച്ചതെന്നോ? മതിൽ സംരക്ഷിച്ചിരുന്ന ഭടന്മാർ കൈക്കൂലി വാങ്ങി ശത്രുക്കളെ അകത്തേയ്ക്കു കടത്തിവിടുകയായിരുന്നു.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വ്യാപിക്കുന്ന അഴിമതിയുടെയും മൂല്യച്യുതിയുടേയും ചിത്രമാണ് ഈ കഥയിലൂടെ വെളിവാകുന്നത്. ധർമ്മബോധമുള്ള ജനതയ്ക്കാണ് രാഷ്ട്രത്തെ അഭിവൃദ്ധിയിലേയ്ക്കു നയിക്കാനാവുക. ഇന്നു നമ്മുടെ രാജ്യത്തെ അലട്ടുന്ന അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, സംഘർഷങ്ങൾ, വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ തുടങ്ങിയ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്തെന്നു ചിന്തിച്ചാൽ അതു ജനങ്ങളുടെ ധർമ്മബോധത്തിലുള്ള കുറവാണെന്ന് മനസിലാക്കാനാകും.

സ്വധർമ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണ്. രണ്ടും ചേർന്നാലെ ശരിയായ പുരോഗതി സാദ്ധ്യമാകു. എന്നാൽ, സമൂഹത്തിൽ എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങൾ വേണ്ടതുപോലെ നിർവഹിച്ചാൽ ഓരോരുത്തരുടെയും അവകാശങ്ങൾ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ സമൂഹത്തിന്റെ താളലയം നഷ്ടമായി, അരാജകത്വം നടമാടും. അതിനാൽ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രവർത്തിക്കാൻ തയ്യാറായാൽ മാത്രമേ സമൂഹത്തിനും രാഷ്ട്രത്തിനും ശരിയായി പുരോഗമിക്കാൻ കഴിയൂ.

വിളവെടുത്തുകഴിഞ്ഞാൽ അതിലൊരു ഭാഗം അടുത്ത കൃഷിയിറക്കത്തിനായി കൃഷിക്കാർ മാറ്റിവയ്ക്കാറുണ്ട്. പിന്നീട് നൂറുമേനിയായി അതവർക്കു തിരിച്ചുകിട്ടുകയും ചെയ്യും. മറിച്ച് അതുകൂടി തിന്നുതീർത്താൽ പിന്നീടു ദുരിതമാകും ഫലം. സ്വന്തം നന്മയ്ക്കായി ഇതുപോലൊരു ത്യാഗമെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. സമയവും ഊർജവും മുഴുവനായി നമുക്കുവേണ്ടി മാത്രം ചെലവഴിക്കാതെ, കുറച്ചുസമയമെങ്കിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മയ്ക്കായി ഉപയോഗിക്കാൻ തയ്യാറാകുമ്പോഴാണ് നമ്മുടെയും സമൂഹത്തിന്റെയും നന്മ ഉറപ്പുവരുത്തുന്നത്. അതാണ് മാതൃകാപരമായ ജീവിതം.

സ്വാർത്ഥതയിലൂടെയും അധർമ്മത്തിലൂടെയും നേടുന്ന സുഖം താല്ക്കാലികവും പിന്നീടു ദുഃഖകാരണമായിത്തീരും. മറിച്ച്, നിസ്വാർത്ഥമായ പ്രവൃത്തികൾ തുടക്കത്തിൽ ക്ലേശകരമായി തോന്നിയാലും പിന്നീട് കുറേക്കൂടി നീണ്ടുനിൽക്കുന്ന നന്മയെ പ്രദാനം ചെയ്യും. അധർമ്മത്തിൽ നിന്നു ലഭിക്കുന്ന സുഖം ദുഃഖത്തിന്റെ ബീജമാണെന്നും മറക്കരുത്.

പണ്ടുകാലത്തു വിദ്യാഭ്യാസം തുടങ്ങുമ്പോൾ കുട്ടികൾക്കു ധർമ്മത്തെക്കുറിച്ചായിരുന്നു ആദ്യം പഠിപ്പിച്ചുകൊടുത്തിരുന്നത്. ധർമ്മമെന്നാൽ മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരപോഷണത്തിന്റെ തത്ത്വമാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആരോഗ്യകരമായ വീക്ഷണമാണത്. ഒരു വ്യക്തിക്ക് ഒറ്റയ്ക്കു പുരോഗതി പ്രാപിക്കുവാൻ കഴിയില്ല. മറ്റുള്ളവരുടെ വളർച്ചയിലൂടെ മാത്രമേ ഏതൊരാൾക്കും വളരാനാകു. സമൂഹത്തിന്റെ നന്മയിലൂടെ മാത്രമേ വ്യക്തിക്കു നന്മ കൈവരുകയുള്ളൂ. ധർമ്മ ബോധമാണ് ജീവിതസൗഖ്യത്തിന്റെ കാതൽ.