
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നടി ഷീല. സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ എങ്ങനെ തെളിവ് കാണിക്കുമെന്ന് നടി ഷീല. ഒരാൾ ഓടിവന്ന് കെട്ടിപിടിച്ച് ഉമ്മ വച്ചാൽ തെളിവിനുവേണ്ടി സെൽഫിയെടുക്കാനാകുമോയെന്ന് നടി ചോദിച്ചു.
'ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ? ഒന്നുകൂടി ഉമ്മ വയ്ക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ? അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കാഡ് ചെയ്ത് വയ്ക്കാക്കാവുമോ? എങ്ങനെയാണ് തെളിവ് കാണിക്കുക.
കരിയർവരെ പോയിട്ടും നീതിക്കായി പോരാടിയ ഡബ്ള്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അന്നുമുതൽ ഇന്നുവരെ അവർ എത്രയാണ് പോരാടുന്നത്. എന്ത് സുന്ദരികളാണവർ, കഴിവുള്ളവർ, അവരുടെ കരിയർ പോയല്ലോ.
എന്നാൽ പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസിലാകുന്നത്. ഒരു നടിയുടെ ജീവിതത്തിൽ കയറി കളിക്കുകയെന്നാൽ സാധാരണ കാര്യമാണോ? സ്ഥാനാർത്ഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിൽ സിനിമകൾ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരേക്കാൾ വേതനം കിട്ടിയിട്ടില്ല. അവർ പണം തരില്ല. സ്ത്രീക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങളുള്ള സിനിമയാണെങ്കിൽ അവർക്ക് കൂടുതൽ വേതനം ലഭിക്കണം'- ഷീല വ്യക്തമാക്കി.