sp

ഒ​രു​ ​കാ​ല​ത്ത് ​ഇ​ന്ത്യ​ൻ​ ​കാ​യി​ക​വേ​ദി​യു​ടെ​ ​പ​താ​കാ​വാ​ഹ​ക​രാ​യി​രു​ന്നു​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ൾ.​ ​അ​ത്‌​ല​റ്റി​ക്സി​ലും​ ​ഫു​ട്ബാ​ളി​ലും​ ​വോ​ളി​ബാ​ളി​ലു​മൊ​ക്കെ​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​ൽ​ ​സ​മ്പ​ന്ന​മാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​ക്യാ​മ്പു​ക​ൾ.​ ​പി.​ടി​ ​ഉ​ഷ​യും​ ​ഷൈ​നി​ ​വി​ൽ​സ​ണു​മൊ​ക്കെ​ ​മി​ന്നി​ത്തി​ള​ങ്ങി​യ​ ​കാ​ല​ത്തി​ന് ​ശേ​ഷം​ ​ഒ​ളി​മ്പി​ക്സി​ന് ​ഒ​രു​ ​മ​ല​യാ​ളി​ ​വ​നി​താ​താ​ര​വു​മി​ല്ലാ​ത്ത​ ​സ്ഥി​തി​യി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്നു.​ ​പെ​റു​വി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​അ​ണ്ട​ർ​ 20​ ​അ​ത്‌​ല​റ്റി​ക് ​മീ​റ്റി​ൽ​ ​ഇ​ന്ത്യ​യെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ 43​പേ​രി​ൽ​ ​ര​ണ്ടേ​ര​ണ്ട് ​മ​ല​യാ​ളി​ക​ളാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ന്റെ​ ​കാ​യി​ക​ ​രം​ഗ​ത്തി​ന് ​എ​വി​ടെ​യാ​ണ് ​അ​ടി​തെ​റ്റി​യ​ത്,​ ​ആ​രാ​ണ് ​അ​തി​ന് ​കാ​ര​ണ​ക്കാ​ർ​?...​ദേ​ശീ​യ​ ​കാ​യി​ക​ ​ദി​ന​ത്തി​ൽ​ ​ഈ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​തേ​ടു​ന്ന​ ​പ​ര​മ്പ​ര​ ​ ​;​ ​'​കു​ലം​ ​മു​ടി​യു​ന്ന​ ​കാ​യി​ക​ ​കേ​ര​ളം​'. ഭാഗം 6

കേരളത്തിൽ കായിക മേഖലയിലെ പ്രവർത്തനങ്ങൾക്കായി രണ്ട് സ്ഥാപനങ്ങളാണുള്ളത്. അർദ്ധസർക്കാർ സ്ഥാപനമായ സംസ്ഥാന സ്പോർട്സ് കൗൺസിലും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കായിക - യുവജനക്ഷേമ ഡയറക്ടേറ്റും. കായിക അസോസിയേഷൻ പ്രതിനിധികളടങ്ങുന്ന ജനറൽ ബോഡിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയും പ്രസിഡന്റും വൈസ് പ്രസിഡന്റും സർക്കാരിൽ നിന്നുള്ള സെക്രട്ടറിയുമാണ് കൗൺസിലിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് . നിലവിൽ കായിക - യുവജനക്ഷേമ ഡയറക്‌ടറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ തന്നെയാണ് കൗൺസിലിന്റെ സെക്രട്ടറിയും.

പ്ളാൻ ഫണ്ടും നോൺ ഫ്ളാൻ ഫണ്ടുമായി സർക്കാർ ബഡ്ജറ്റുകളിൽ അനുവദിക്കുന്ന പണത്തിൽ നിന്നാണ് കൗൺസിൽ ശമ്പളവും കായിക ഹോസ്റ്റലുകളുടെ ചെലവും കായിക മത്സരങ്ങൾക്ക് കൊണ്ടുപോകുന്നതിന് അസോസിയേഷനുകൾക്കുള്ള പണവും നൽകുന്നത്. സ്റ്റേഡിയം നിർമാണം,കായിക വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയവയാണ് ഡയറക്ടറേറ്റ് ചെയ്യുന്നത്. സ്റ്റേഡിയ നിർമ്മാണമടക്കമുള്ള കാര്യങ്ങൾക്കായി ഡയറക്ടറേറ്റിന് കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന കമ്പനിയും അടുത്തിടെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ രീതിയിലുള്ള സ്പോർട്സ് കൗൺസിൽ എന്ന സംവിധാനമുള്ളത്. സർക്കാരിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഡയറക്ടറേറ്റിലേക്ക് മാത്രമേ കേന്ദ്ര സർക്കാർ ഖേലോ ഇന്ത്യ ഉൾപ്പടെ വികസനപദ്ധതികൾക്കുള്ള പണം അനുവദിക്കുകയുള്ളൂ.അതിനാൽ സ്പോർട്സ് കൗൺസിൽ എന്ന സംവിധാനത്തിന് പ്രസക്തിയില്ലെന്നതാണ് യാഥാർത്ഥ്യം. കൃത്യമായ പദ്ധതികൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ ഫണ്ട് നേടിയെടുക്കാൻ കഴിയാത്തതാണ് സ്പോർട്സ് കൗൺസിലിനെ ശമ്പളം പോലും നൽകാനാവാത്ത സ്ഥിതിയിലെത്തിച്ചത്. ‌ ഈ സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിലിനെ ഡയറക്ടേറ്റുമായി ലയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. രണ്ടും ഒന്നാക്കിയാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവിധ ഫണ്ടുകൾ കായിക താരങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാമെന്ന ഗുണമാണുള്ളത്. സർക്കാരിൽ നിന്ന് കൃത്യമായി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയും ജീവനക്കാർക്കുണ്ട്. എന്നാൽ കൗൺസിൽ ഭാരവാഹികളായി കുറച്ചുപേർക്ക് നിയമനം നൽകാനുള്ള അവസരം ഭരിക്കുന്ന പാർട്ടിക്ക് നഷ്ടമാകും.

കൗൗൺസിലും ഡയറക്ടറേറ്റും ഒന്നാക്കിയതുകൊണ്ട് മാത്രം കായിക രംഗം രക്ഷപെടുമെന്ന് കരുതരുത്.ഒരുദാഹരണം പറയാം ഒരു മലയാളി ഖേലോ ഇന്ത്യ പദ്ധതിയുടെ തലപ്പത്തെത്തിയപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഖേലോ ഇന്ത്യ സെന്റർ സ്ഥാപിക്കാനായി അഞ്ചുലക്ഷം വീതം 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും ഇതിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കേരളം നൽകിയില്ല. പണം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തട്ടിക്കൂട്ടി നൽകിയത്. കേന്ദ്രത്തിന്റെ വൺ സ്റ്റേറ്റ് വൺ സ്പോർട്സ് എന്ന പദ്ധതിക്ക് വേണ്ടി പണം ലഭിക്കാനുള്ള കായിക ഇനത്തിന്റെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ കേരളത്തിന് വളരാൻ സാദ്ധ്യതയുള്ള കായിക ഇനങ്ങൾക്ക് പകരം അന്ന് കൗൺസിലിന്റെ തലപ്പത്തിരുന്നവർക്ക് വേണ്ടപ്പെട്ട കായിക ഇനങ്ങളാണ് അയച്ചുകൊടുത്തത്. ഇങ്ങനെ കേന്ദ്ര ഫണ്ട് പുട്ടടിക്കാനുള്ള അവസരമായി ലയനത്തെക്കണ്ടാൽ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സ്പോർട്സ് കേരള ഫൗണ്ടേഷന് കീഴിൽ കാഞ്ഞങ്ങാടും ചാലക്കുടിയിലും പുനലൂരിലുമെല്ലാം സ്റ്റേഡിയങ്ങൾ നിർമ്മാണം പൂ ർത്തിയായെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പുതിയ സ്റ്റേഡിയങ്ങളിലേക്ക് വാങ്ങിയ കായിക ഉപകരണങ്ങൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന ആക്ഷേപവുമുണ്ട്. സ്പോർട്സ് കൗൺസിലിന് കീഴിലെ പരിശീലകരെ ഉപയോഗിച്ച് സർക്കാരിന്റെ സ്റ്റേഡിയങ്ങളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന്ഫൗ ണ്ടേഷൻ അമിത ഫീസ് വാങ്ങുന്നതായും ആക്ഷേപമുണ്ട്.

കൃത്യമായ ചുമതലകൾ നിറവേറ്റാൻ തലപ്പത്തിരിക്കുന്നവർ മുതൽ താഴേത്തട്ടിലുള്ളവർ വരെ തയ്യാറാകാത്തതാണ് നമ്മുടെ കായിക മേഖലയുടെ ശാപം. ഇനിയെങ്കിലും അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. കായിക വകുപ്പ് മന്ത്രിതന്നെയാണ് അതിന് മുൻകൈ എടുക്കേണ്ടത്. കായിക രംഗത്ത് പഴയ പ്രൗഢിയോടെ കേരളം തിളങ്ങുന്ന ഭാവികാലത്തിന് വേണ്ടി നമുക്ക് കൈകോർക്കാം.

പരമ്പര അവസാനിച്ചു.