paralympics

നിതേഷ് കുമാറിനും സുമിത് ആന്റിലിനും സ്വർണം

യോഗേഷിനും സുഹാസിനും തുളസിമതിക്കും വെള്ളി

മനീഷയ്ക്കും ശീതൾ- രാകേഷ് കുമാർ സഖ്യത്തിനും വെങ്കലം

പാരീസ്: പാരാലിമ്പിക്സിൽ ഇന്ത്യ ഇന്നലെ മാത്രം നേടിയത് ഏഴുമെഡലുകൾ. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്നലെ ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 14 ആയി.

പുരുഷ ബാഡ്മിന്റൺ താരം നിതേഷ് കുമാർ എസ്.എൽ ത്രീ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബിത്തെലിനെ കീഴടക്കിയാണ് ഇന്നലത്തെ ആദ്യ പൊന്നണിഞ്ഞത്. ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ പാരാലിമ്പിക് റെക്കാഡോടെയാണ് ടോക്യോയിലെ സ്വർണമെഡൽ ജേതാവ് സുമിത് ആന്റിൽ സ്വർണം നേടിയത്. ബാഡ്മിന്റണിൽ തന്നെ തുളസിമതി മുരുഗേശൻ വെള്ളിയും മനീഷ രാംദാസ് വെങ്കലവും നേടി. ബാഡ്മിന്റണിൽ സുഹാസ് എത്തിരാജിനും വെള്ളി ലഭിച്ചു. പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 ഇനത്തിൽ യോഗേഷ് കത്തൂനിയയാണ് മറ്റൊരു വെള്ളി നേട്ടക്കാരൻ. ആർച്ചറിയിലാണ് ശീതൾ ദേവി- രാകേഷ് കുമാർ സഖ്യം വെങ്കലം നേടിയത്.

പാരാലിമ്പിക്സിലെ ബാഡ്മിന്റണിൽ ഇന്ത്യ സ്വർണം നേടുന്നത് ഇതാദ്യമായാണ്. ഒരു മണിക്കൂർ 20 മിനിട്ടോളം നീണ്ട ഫൈനലിൽ 21-14,18-21,23-21 എന്ന സ്കോറിനാണ് നിതേഷ് ഡാനിയേലിനെ തോൽപ്പിച്ചത്. ടോക്യോ പാരാലിമ്പിക്സിലും വെള്ളി നേടിയ താരമാണ് ഡാനിയേൽ. ടോക്യോയിൽ ഇന്ത്യൻ താരമായ പ്രമോദ് ഭഗതാണ് ഡാനിയേലിനെ തോൽപ്പിച്ച് സ്വർണം നേടിയിരുന്നത്.

2009ൽ ഒരു ട്രെയിൻ അപകടത്തെത്തുടർന്ന് ഇടംകാൽ മുറിച്ചുമാറ്റേണ്ടിവന്നയാളാണ് നിതേഷ്. പൂനെയിലെ ആർട്ടിഫിഷ്യൽ ലിമ്പ് സെന്റിൽ പരിചയപ്പെട്ട പരിക്കുപറ്റിയ സൈനികരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2016ൽ പാരാ ബാഡ്മിന്റണിലേക്ക് തിരിഞ്ഞത്.

ഇന്നലെ പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 ഇനത്തിൽ ഇന്ത്യയുടെ യോഗേഷ് കത്തൂനിയ വെള്ളി നേടി . ടോക്യോയിൽ നടന്ന കഴിഞ്ഞ പാരാലിമ്പിക്സിലും യോഗേഷ് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഫൈനലിലെ ആദ്യ ത്രോയിൽ 42.22 മീറ്റർ എറിഞ്ഞാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. ടോക്യോയിൽ നേടിയിരുന്ന സ്വർണം ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് 46.86 മീറ്റർ എറിഞ്ഞ് പാരീസിലും നിലനിറുത്തി. പാരാലിമ്പിക് റെക്കോഡോടെയാണ് ക്ലോഡിനിയുടെ സ്വർണ നേട്ടം.

ഇതോടെ പാരീസ് പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 11 ആയി ഉയർന്നു. രണ്ട് സ്വർണവും നാലുവെള്ളിയും അഞ്ച് വെങ്കലങ്ങളുമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടിയത്.