police

കൊച്ചി: വിദേശത്തേക്ക് പൊകുന്നുവെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവിനെ കണ്ടെത്തിയത് കൊച്ചിയില്‍ നിന്ന്. ഇടുക്കി സ്വദേശിയായ 27കാരനെയാണ് എറണാകുളത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് വിദേശരാജ്യമായ ന്യൂസിലാന്‍ഡില്‍ ജോലി ലഭിച്ചുവെന്ന് യുവാവ് വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ചതും യാത്രയാക്കിയതും.

വിദേശത്ത് എത്തിയെന്ന് പറഞ്ഞ യുവാവ് ഇതിന്റെ ഏതാനും ഫോട്ടോകളും വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇയാളെക്കുറിച്ച് കുടുംബത്തിന് മറ്റ് വിവരങ്ങള്‍ ലഭിക്കാതാകുകയും ഇയാളെ കാണാതാകുകയും ചെയ്തു. ഓഗസ്റ്റ് മാസം 20ന് ശേഷം യുവാവിനെ കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവും ലഭിക്കാതെയായി. പിന്നീട് ഇയാളുടെ തന്നെ ഒരു സുഹൃത്ത് വഴിയാണ് കേരളത്തിലുണ്ടെന്നും കൊച്ചിയില്‍ താമസിക്കുകയാണെന്നും വീട്ടുകാര്‍ അറിഞ്ഞത്.

ഉടനെ തന്നെ ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇടുക്കിയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ടെത്തിയത്.