
ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ഇസ്രയേലിൽ ജനരോഷം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ബന്ദി മോചന കരാറിലെത്താൻ നെതന്യാഹു വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് ബൈഡൻ കുറ്റപ്പെടുത്തി. ഹമാസ് വധിച്ച ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച തെക്കൻ ഗാസയിലെ റാഫയിൽ നിന്ന് ഇസ്രയേൽ സൈന്യം കണ്ടെത്തിയിരുന്നു.
ബന്ദികളുടെ മോചനം ലക്ഷ്യമിട്ടുള്ള കരാറിന്റെ അന്തിമ രൂപം യു.എസ് ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ്, ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രയേലിനും ഹമാസിനുമിടെയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ചർച്ച പ്രതിസന്ധിയിലാക്കി.
അതിനിടെ, ഇസ്രയേലിൽ നെതന്യാഹുവിനെതിരെ പതിനായിരങ്ങൾ ഇന്നലെ തെരുവിലിറങ്ങി. രാജ്യത്തെ പ്രധാന ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് നടത്തി. പണിമുടക്ക് വൈകിട്ട് അവസാനിപ്പിക്കണമെന്ന് ലേബർ കോടതി ഉത്തരവിട്ടെങ്കിലും പ്രതിഷേധക്കാർ ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ രോഷ പ്രകടനം തുടർന്നു.
റോഡ് ഗതാഗതം താറുമാറായി. ബെൻ ഗുരിയോൻ വിമാനത്താവളത്തിലെ ചില സർവീസുകളെയും പണിമുടക്ക് ബാധിച്ചു. നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും ഇതിനായി ഹമാസുമായി ധാരണയിലെത്തണമെന്നുമാണ് ആവശ്യം.
101 ബന്ദികൾ ഇനി ഗാസയിലുണ്ടെന്ന് കരുതുന്നു. എത്രപേർ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല. അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,780 കടന്നു. ഇന്നലെ 50ലേറെ പേർ കൊല്ലപ്പെട്ടു.