arrest

കൊല്‍ക്കത്ത: 31കാരിയായ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. ഒരു അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തിരുന്നു. ആരോപണവിധേയനായ ഡോക്ടറെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സന്ദീപിനെതിരെ കേസെടുത്തിരുന്നത്. അഴിമതിക്കേസില്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു. നേരത്തെ, വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സന്ദീപ് ഘോഷിന്റെ നുണപരിശോധന നടത്തി. തുടര്‍ച്ചയായ 10 ദിവസത്തെ ചോദ്യംചെയ്യലില്‍ പല കാര്യങ്ങളും ഘോഷ് മറച്ചുപിടിക്കുന്നുവെന്ന് സംശയം തോന്നിയതോടെയാണ് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.

നേരത്തെ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം പ്രിന്‍സിപ്പലിനെതിരെ രംഗത്ത് വന്നിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും ഡോക്ടറുടെ കുടുംബം ആരോപിച്ചിരുന്നു. സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. തുടര്‍ന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിരുന്നു. ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധവും സമരവും ശക്തിപ്രാപിച്ചതോടെയായിരുന്നു രാജിവച്ചത്.