
തിരുവനന്തപുരം: 1996-2001ലെ ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി അവിഹിത ഇടപാടുകളുടെയും വിവാദ ഒത്തുതീർപ്പുകളുടെയും പേരിൽ ഏറെ പഴി കേട്ടിരുന്നു. പിന്നീട്,കണ്ണൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയോടും പാർട്ടി മുൻ എം.എൽ.എ സി.കെ.പി .പദ്മനാഭന്റെ മകളോടും അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്തക്കണമെന്നാണ് പാർട്ടിയിലെ വനിതാ നേതാക്കളായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും ഉൾപ്പെടെ ആവശ്യപ്പെട്ടത്.നടപടി സസ്പെൻഷനിൽ ഒതുങ്ങി. കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് ശശി വീണ്ടും ജില്ലാ, സംസ്ഥാന കമ്മിറ്റികളിലേക്ക് ഉയർത്തപ്പെട്ടത്. എം.വി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെയാണ് ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരിച്ചത്തിയത്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരിയിൽ പാർട്ടി സ്ഥാനാർത്ഥിയാവാനുള്ള കരുനീക്കത്തിലാണ് ശശിയെന്നാണ് കണ്ണൂരിലെ പ്രചരണം.അതിനിടെയാണ്,അൻവറിന്റെ ബേംബേറ്.സി.പി.എം സമ്മേളനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായതോടെ, ശശി വിഷയം ചൂടേറിയ ചർച്ചയായേക്കും. ശശിക്കും എ.ഡി.ജി.പി അജിത്ത് കുമാറിനുമെതിരെ
.അൻവർ നടത്തിയ കടന്നാക്രമണങ്ങൾക്ക്, സി.പി.എമ്മിൽ ശുദ്ധീകരണം ആഗ്രഹിക്കുന്ന മുതിർന്ന പാർട്ടി നേതാക്കളുടെ പിന്തുണയുള്ളതായും പറയുന്നു.
ആരോപണങ്ങൾ പരിശോധിക്കും: എം.വി. ഗോവിന്ദൻ
പി.വി. അൻവർ എം.എൽ.എ എ.ഡി.ജി.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്ലിന്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.