finance

മുംബയ്: കാര്യങ്ങള്‍ എത്രയൊക്കെ ഡിജിറ്റല്‍ ആയി മാറിയെന്ന് പറഞ്ഞാലും ചില കാര്യങ്ങള്‍ക്ക് ബാങ്കില്‍ പോകുന്നത് ഒഴിവാക്കാന്‍ കഴിയില്ല. പലപ്പോഴും ഇതിനായി മണിക്കൂറുകള്‍ തന്നെ ചിലവഴിക്കേണ്ടി വന്നേക്കാം. ബാങ്കിംഗ് ഇടപാടുകള്‍ക്കായി ഇനി ബ്രാഞ്ചില്‍ നേരിട്ട് എത്താതെ തന്നെ പുതിയ സംവിധാനം ഒരുക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എന്‍സിപിഐയുമായി ചേര്‍ന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍ഡ്രോയിഡ് ക്യാഷ് റീസൈക്ലിംഗ് മെഷീന്‍ അവതരിപ്പിച്ചിരിക്കുകയാണ്.

വിവിധ ബാങ്കിംഗ് ഇടപാടുകള്‍ ഒറ്റക്കുടക്കീഴില്‍

ബാങ്ക് സംബന്ധമായ നിരവധി ഇടപാടുകളും സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുന്നുവെന്നതാണ് മെഷീന്റെ പ്രത്യേകത. ഒരു ഡിജിറ്റല്‍ ബാങ്കായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ക്യു.ആര്‍ കോഡിന്റെ സഹായത്തോടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണം അടയ്ക്കാം, നിക്ഷേപിക്കാം, അക്കൗണ്ട് തുടങ്ങാം, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത ലോണ്‍, ഇന്‍ഷുറന്‍സ് എംഎസ്എംഇ വായ്പയ്ക്ക് അപേക്ഷിക്കാം എന്നിവയ്ക്ക് സൗകര്യമുണ്ടാകും.


ഗ്രാമപ്രദേശങ്ങളില്‍ പോലും ഇടപാടുകാര്‍ക്ക് തടസങ്ങളില്ലാതെ സേവനം ലഭ്യമാക്കാമെന്നതാണ് ഇതിന്റെ ഗുണം. കാര്‍ഡുകളും മറ്റും കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാകും. മാത്രമല്ല മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധി വരുന്ന ദിവസങ്ങളിലും പ്രവര്‍ത്തന സമയം അല്ലാത്തപ്പോഴും ഇടപാടുകള്‍ക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. അധികം വൈകാതെ വിവിധ ബാങ്കുകള്‍ നിരവധി സ്ഥലങ്ങളില്‍ ഈ സൗകര്യം പ്രാബല്യത്തില്‍ കൊണ്ടുവന്നേക്കും. ബാങ്ക് ശാഖകളില്ലാത്ത സ്ഥലങ്ങളിലാകും സിആര്‍എം സ്ഥാപിക്കുക എന്നാണ് അറിയുന്നത്.