
കൊച്ചി: ആഭ്യന്തര, ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ റെക്കാഡുകൾ തിരുത്തി മുന്നേറുന്നു. ഇന്നലെ ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും പുതിയ ഉയരങ്ങളിലെത്തി. സെൻസെക്സ് 194 പോയിന്റ് നേട്ടത്തോടെ 82,554.82ൽ അവസാനിച്ചു. നിഫ്റ്റി 42.8 പോയിന്റ് ഉയർന്ന് 25,278ൽ എത്തി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്‌ള്യു, വിപ്രോ, ഐ.ടി.സി, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും മികച്ച വർദ്ധന ദൃശ്യമായി. ആഭ്യന്തര, നിക്ഷേപകർക്കൊപ്പം വിദേശ ധന സ്ഥാപനങ്ങളും വിപണിയിൽ സജീവമായ വാരമാണ് കടന്നുപോയത്.