daisuke-hori

ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യൻ ശരാരശരി ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പഠനങ്ങളിൽ പോലും പറയുന്നത്. നന്നായി ഉറങ്ങിയില്ലെങ്കിൽ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും ബാധിച്ചേക്കാം. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരിൽ വൈജ്ഞാനിക പ്രവർത്തനം, ആരോഗ്യം, മാനസികാരോഗ്യം എന്നിവ ശരിയായ രീതിയിലായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ, 12 വർഷമായി ദിവസം വെറും 30 മിനിട്ട് മാത്രം ഉറങ്ങുന്ന ഒരാളുണ്ട്. ഡെയ്‌സുകെ ഹോറി എന്ന ജപ്പാൻകാരനാണത്. ആയുസ് ഇരട്ടിയാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഡെയ്‌സുകെയെ കുറിച്ചുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഈ 40കാരൻ തന്റെ ശരീരത്തെയും മനസിനെയും 30 മിനിട്ട് ഉറക്കം എന്ന രീതിയുമായി പൊരുത്തപ്പെടുത്തിയതായി പറയുന്നു. ഈ ശീലം തന്റെ മാനസികാരോഗ്യവും കായികക്ഷമതയും വർദ്ധിപ്പിച്ചുവെന്നാണ് ഡെയ്‌സുകെയുടെ വാദം.

ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എന്തെങ്കിലും കായികാധ്വാനം ചെയ്യുകയോ ഒരു കാപ്പി കുടിക്കുകയോ ചെയ്‌താൽ ഉറക്കം വരില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഏകാഗ്രത നിലനിർത്താൻ ദീർഘനിദ്രയേക്കാൾ നല്ലത് നല്ല ഉറക്കം (ക്വാളിറ്റി സ്ലീപ്പ് ) ആണ് വേണ്ടതെന്ന് ഡെയ്‌സുകെ വിശ്വസിക്കുന്നു. ഡോക്ടർമാർ, അഗ്നിശമന സേനാംഗങ്ങൾ, പൊലീസുകാർ തുടങ്ങി വിശ്രമം കുറവായ ജോലി ചെയ്യുന്നവർക്ക് ഈ രീതി പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ജപ്പാനിലെ യോമിയുരി ടിവി എന്ന ചാനൽ ഡെയ്‌സുകെയുടെ ജീവിതം ഒരു റിയാലിറ്റി ഷോയിൽ സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്. കൂടാതെ 2016ൽ ഡെയ്‌സുകെ ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷൻ സ്ഥാപിച്ചു. അവിടെ അദ്ദേഹം ഉറക്കത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ക്ലാസുകൾ നൽകുന്നുണ്ട്. 2,100ലധികം വിദ്യാർത്ഥികളെ അൾട്രാ ഷോർട്ട് സ്ലീപ്പർ ആകാൻ അദ്ദേഹം പഠിപ്പിച്ചുകഴിഞ്ഞു .