
'കൊടുത്താൽ കൊല്ലത്തും കിട്ടും" എന്നൊരു ചൊല്ലുണ്ട്. അതിപ്പോൾ നടനും എം.എൽ.എ യുമായ എം. മുകേഷിനെ ബന്ധിപ്പിച്ചാണ് കൊല്ലത്തുകാർ സംസാരിക്കുന്നത്. കൊല്ലത്തിപ്പോൾ പ്രധാന ചർച്ചാ വിഷയം മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കുമോ എന്നതാണ്. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളെല്ലാം സമര രംഗത്താണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിചാർജിലാണ് കലാശിച്ചത്. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നത് മുകേഷിന് ആശ്വാസമായെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണം സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ചില നടികൾ നടത്തിയ വെളിപ്പെടുത്തലാണ് മുകേഷിനും മറ്റു പ്രമുഖ നടന്മാർക്കും കുരുക്കും ഇരുട്ടടിയുമായി മാറിയിരിക്കുന്നത്. ഇനിയും കൂടുതൽ പീഡന വെളിപ്പെടുത്തലുകൾ പുറത്തുവരുമോ എന്ന ആശങ്കയിലാണ് സിനിമാലോകം. സെലിബ്രിറ്റികളായി വിലസിയിരുന്ന പല പ്രമുഖ നടന്മാരുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് നടിമാരുടെ വെളിപ്പെടുത്തലുകൾ. മുകേഷിനെയും പെടുത്തിയത് അത്തരമൊരു വെളിപ്പെടുത്തലാണ്. ഏതാണ്ട് 14 വർഷം മുമ്പ് ഒരു സിനിമ സെറ്റിൽ വച്ച് മുകേഷ് പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ കഥയാണ് നടി വെളിപ്പെടുത്തിയത്. 'അമ്മ" സംഘടനയിൽ അംഗത്വമെടുക്കാൻ നടി മുകേഷ് വഴി ശ്രമിച്ചപ്പോഴും മേശമായി പെരുമാറിയെന്നായിരുന്നു ആരോപണം. എന്നാൽ നടി പിന്നീട് മുൻ പ്രസിഡന്റായിരുന്ന ഇന്നസന്റ് വഴി സംഘടനയിൽ പ്രവേശനം നേടാൻ ശ്രമം നടത്തിയപ്പോഴും പ്രവേശനത്തിന് തടയിടാൻ ശ്രമിച്ചു. കൂടാതെ ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമർശവും നടത്തി. മറ്റു നിരവധി നടന്മാർക്കെതിരെയും ആരോപണം ഉന്നയിച്ച നടി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഈ വിവരങ്ങൾ നൽകിയതോടെ മുകേഷിനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതരവും ജാമ്യമില്ലാത്തതുമായ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെയാണ് എം.എൽ.എ സ്ഥാനം ഒഴിയണമെന്ന മുറവിളി ശക്തമായത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മുകേഷ് തന്റെ വിശദീകരണത്തിൽ പറയുന്നത് തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി പറയുന്നതെല്ലാം കെട്ടുകഥയെന്നാണ്. തന്നെ ബ്ളാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്നതിന് തെളിവുകളും ജാമ്യാപേക്ഷയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ മുൻകൂർ ജാമ്യം കോടതി തള്ളിയാൽ മുകേഷിന് 'റിയൽ ലൈഫിലും' ജയിൽവാസം അനുഭവിക്കേണ്ടി വന്നേക്കാം.
പാർട്ടി പിന്തുണയും ഭിന്നതയും
എം.എൽ.എ സ്ഥാനം തത്ക്കാലം രാജിവയ്ക്കേണ്ടെന്ന പാർട്ടി തീരുമാനം മുകേഷിന് പിടിവള്ളിയായെങ്കിലും സി.പി.എം ജില്ലാ കമ്മിറ്റിയിൽ ഇതുസംബന്ധിച്ച ഭിന്നാഭിപ്രായമാണ്. മുകേഷ് രണ്ടാം തവണ കഷ്ടിച്ച് ജയിച്ച് എം.എൽ.എ ആയതുമുതലേ പാർട്ടിയിൽ ഈ വ്യത്യസ്ത അഭിപ്രായമുണ്ട്. മുകേഷിനെ പാർട്ടി സംസ്ഥാന നേതൃത്വം നേരിട്ട് സ്ഥാനാർത്ഥി ആക്കിയെന്ന ഏക കാരണത്താലാണ് ജില്ലാനേതൃത്വത്തിലെ ഭിന്നതകൾ പരസ്യ പ്രകടനമായി മാറാത്തത്. എം.എൽ.എ എന്ന നിലയിൽ മുകേഷിന്റെ സാന്നിദ്ധ്യം പാർട്ടി അനുഭാവികൾക്കും പ്രവർത്തകർക്കും വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരാതിയും നേരത്തെ നിലവിലുണ്ട്. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഇടതു സ്ഥാനാർത്ഥിയായ മുകേഷ്, യു.ഡി.എഫിലെ എൻ.കെ പ്രേമചന്ദ്രനോട് എട്ടുനിലയിൽ പൊട്ടിയതും പാർട്ടിയിൽ ചർച്ചയായിരുന്നു. തോൽവിയുടെ ആഘാതത്തിൽ പൊതുവേദികളിൽ നിന്നെല്ലാം അകന്നുകഴിയുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയതും തുടർന്ന് നടിമാരുടെ വെളിപ്പെടുത്തലുകളുണ്ടായതും. മുകേഷിന്റെ രാജി ആവശ്യത്തെ സി.പി.എം നേരിട്ടത് നേരത്തെ സമാനമായ ആരോപണങ്ങളിൽ പെട്ട യു.ഡി.എഫ് എം.എൽ.എ മാരായ എൽദോസ് കുന്നപ്പിള്ളിലും എം. വിൻസെന്റും രാജിവച്ചില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. രാജി ആവശ്യം ഉന്നയിച്ച കോൺഗ്രസിന്റെ മുനയൊടിക്കാൻ പോന്നതായിരുന്നു ഇത്. ഇത്തരം ആരോപണം നേരിട്ട മന്ത്രിമാർ രാജി വച്ച ചരിത്രം ഉണ്ടെങ്കിലും ഇന്ത്യയിലൊരിടത്തും എം.എൽ.എ മാരോ എം.പി മാരോ രാജിവച്ച കീഴ് വഴക്കം ഇല്ലെന്ന് പറഞ്ഞാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുകേഷിനെ ന്യായീകരിച്ചത്.
സി.പി.ഐ യിലും ഭിന്നത
രാജി ആവശ്യത്തെച്ചൊല്ലി സി.പി.ഐ യിൽ ഉടലെടുത്ത ഭിന്നതയും മറനീക്കി പുറത്തുവന്നു. സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം മുകേഷിനോട് മൃദുസമീപനം സ്വീകരിച്ചപ്പോൾ പാർട്ടി ദേശീയ നിർവാഹക സമിതി അംഗങ്ങളായ ആനി രാജയും കെ.പ്രകാശ് ബാബുവും രാജിയിൽ കർശന നിലപാട് സ്വീകരിച്ചത് സി.പി.ഐ യെയും പ്രതിരോധത്തിലാക്കി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് മുകേഷ് രാജിവയ്ക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോൾ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം.എ ബേബിയും വിരുദ്ധ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായി. സ്ത്രീപക്ഷത്ത് നിൽക്കുന്നുവെന്ന് അടിയ്ക്കടി ആവർത്തിക്കുന്ന കേരളത്തിലെ സി.പി.എം വനിതാ നേതാക്കളായ പി.കെ ശ്രീമതിയും കെ.കെ ശൈലജയും അടക്കം സ്വീകരിച്ച മൗനം കടുത്ത വിമർശനത്തിന് വിധേയമായി. കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി മുകേഷിനെ ന്യായീകരിക്കാൻ ശ്രമിച്ചത് ബി.ജെ.പിയിലും പൊട്ടിത്തെറിയുണ്ടാക്കി. സുരേഷ് ഗോപിയെ തള്ളി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്രസമ്മേളനം നടത്തി പാർട്ടി നിലപാട് പറയുന്നത് പാർട്ടി അദ്ധ്യക്ഷനാണെന്ന് വ്യക്തമാക്കി. മുകേഷിന്റെ രാജി ആവശ്യം ഉന്നയിച്ച് ബി.ജെ.പി യും പോഷക സംഘടനകളും പ്രക്ഷോഭം നടത്തുന്നതിനിടെയായിരുന്നു സുരേഷ്ഗോപി, മന്ത്രിയാണെന്ന കാര്യം പോലും വിസ്മരിച്ച് പഴയ ഭരത്ചന്ദ്രൻ ഐ.പി.എസ് സിനിമയിലെ കഥാപാത്രമായി മാറുകയും മാദ്ധ്യമ പ്രവർത്തകരെ തള്ളിമാറ്റിയതും. കേന്ദ്രമന്ത്രിയുടെ നടപടി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
മുകേഷിനെതിരെ
മുമ്പും ആരോപണം
മുകേഷിനെതിരെ പീഡന പരാതി ഉയരുന്നത് ഇതാദ്യമായല്ല. മുകേഷിന്റെ ആദ്യ ഭാര്യ സരിതയുമായി സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യു വീണ്ടും പൊന്തിവന്നത് മുകേഷിനെതിരായ ആരോപണങ്ങൾക്ക് ശക്തി പകരുന്നതായി. വിവാഹമോചനത്തിന് മുമ്പ് മുകേഷ് ഭാര്യ സരിതയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ നേർചിത്രം സരിതയുടെ വാക്കുകളിലൂടെ പുറത്തുവന്നത് മുകേഷിനെതിരായ ജനവികാരം ഉയരാൻ കാരണമായി. സംഭവത്തിൽ സരിത പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ മുകേഷ് ഗാർഹിക പീഡനത്തിന് അന്നേ അറസ്റ്റിലാകുമായിരുന്നുവെന്ന് ഉറപ്പാക്കുന്നതായിരുന്നു സരിതയുടെ തുറന്നു പറച്ചിൽ.
അഞ്ചുവർഷം മുമ്പും 'മീ ടൂ' ആരോപണം മുകേഷിനെതിരെ ഒരു കാസ്റ്റിംഗ് താരം ഉന്നയിച്ചിരുന്നു. അവർ ഇപ്പോഴും ആ പരാതി ആവർത്തിച്ചതും മുകേഷിന് പ്രതികൂലമായി. ജാമ്യാപേക്ഷയിൽ കോടതിയിൽ നിന്ന് പ്രതികൂലമായ ഉത്തരവുണ്ടാകുകയും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയും ചെയ്താൽ മുകേഷിന് രാജിവയ്ക്കാതെ മറ്റു മാർഗ്ഗമില്ലാതാകുമെന്ന് പറയുന്നവരുണ്ട്. കൊല്ലത്തെ കോൺഗ്രസ് നേതൃത്വം മുകേഷിന്റെ രാജിയ്ക്കായി സമരവും പ്രക്ഷോഭവും നടത്തുന്നതിനു പിന്നിൽ രാജിവച്ചാൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ കൊല്ലം സീറ്റ് കൈവിട്ടു പോകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അക്കാരണവും രാജിയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.