ethanol

കൊച്ചി: പെട്രോളിനാെപ്പം എത്തനോൾ മിശ്രണം നടത്താനുള്ള പദ്ധതിയിലൂടെ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിലെ നേട്ടം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നിലവിൽ പതിനഞ്ച് ശതമാനം എത്തനോളാണ് പെട്രോളിയം ഉത്‌പന്നങ്ങൾ ചേർക്കുന്നത്. അടുത്ത ഉത്പാദന വർഷത്തിൽ എത്തനോൾ മിശ്രണത്തിന്റെ അനുപാതം ഇരുപത് ശതമാനമായി ഉയർത്താനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. വാഹന മേഖലയിൽ എത്തനോൾ ചേർത്ത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതോടെ 2014ന് ശേഷം 1.73 കോടി മെട്രിക് ടൺ ഫോസിൽ ഇന്ധനമാണ് ഒഴിവാക്കാൻ കഴിഞ്ഞതെന്ന് കേന്ദ്ര പേട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നു. എത്തനോൾ കലർത്തിയില്ലായിരുന്നെങ്കിൽ ഇത്രയും ക്രൂഡോയിൽ ഇന്ത്യ ഇറക്കുമതി നടത്താൻ നിർബന്ധിതരായേനെയെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ ഇറക്കുമതി ചെലവിൽ ഗണ്യമായ കുറവ് വരുത്താനായി. ജൂലായ് 31 വരെയുള്ള പത്ത് വർഷത്തിനിടെ കാർബൺ ബഹിർഗമനത്തിൽ 5.19 കോടി മെട്രിക് ടണ്ണിന്റെ കുറവാണുണ്ടായത്. ഇക്കാലയളവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ സംയുക്തമായി എത്തനോൾ വാങ്ങിയ വകയിൽ വിവിധ ഡിസ്‌റ്റിലറികൾക്ക് 1.45 ലക്ഷം കോടി രൂപയാണ് നൽകിയത്. കർഷകർക്ക് 87,558 കോടി രൂപയും നൽകി.

എത്തനോൾ മിശ്രിതം കൂട്ടുന്നു

പെട്രോളിൽ ഇരുപത് ശതമാനം എത്തനോൾ ചേർത്ത് വിപണിയിലെത്തിക്കുന്ന ഇ20 പെട്രോൾ നിലവിൽ രാജ്യത്തെ 15,600 ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ഇതോടൊപ്പം അഞ്ച് ശതമാനം പെട്രോളിനും 1.5 ശതമാനം കോ സോൾവെന്റിനുമൊപ്പം 93.5 ശതമാനം എത്തനോൾ ചേർത്ത് അവതരിപ്പിക്കുന്ന ഇ100 ഇന്ധനം കഴിഞ്ഞ മാർച്ചിൽ കമ്പനികൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഉത്പാദനം ഉയരുന്നു

എത്തനോൾ ഉത്പാദനം കൂട്ടുന്നതിനായി കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് ഡിസ്‌റ്റിലറികൾക്ക് അരി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇ ലേലത്തിലൂടെ 23 ലക്ഷം ടൺ അരി ഡിസ്‌റ്റിലറികൾക്ക് സാധിക്കും.