modi

രാജ്യത്ത് ഒരു സ്ത്രീയുടെയും കണ്ണുകൾ ഈറനണിയരുതെന്ന കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൃഢനിശ്ചയത്തിൽ നിന്ന് പിറന്നതാണ് 'ലഖ്പതി ദീദി" എന്ന യജ്ഞം. ഇന്ത്യയിൽ,​ ഒരുലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള ഒരുകോടിയിലധികം സ്ത്രീകളിൽ 11 ലക്ഷം പേരാണ് ഈ യജ്ഞത്തിലൂടെ കഴിഞ്ഞ നൂറു ദിവസത്തിനിടെ 'ലഖ്പതി ദീദി"കളായത്! ഈ യജ്ഞത്തിൽ തുടർച്ചായി പങ്കുചേരുന്ന സ്ത്രീകൾ- പ്രത്യേകിച്ച്,​ ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ളവ‌ർ സ്വയംസഹായ സംഘങ്ങളിലൂടെ രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാവുകയാണ് ചെയ്യുന്നത്.

2500 കോടി രൂപ റിവോൾവിങ് ഫണ്ടായി സ്വയംസഹായ സംഘങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും,​ സ്ത്രീകൾക്ക് വേഗത്തിൽ 'ലഖ്പതി ദീദികളാ"കാൻ 5000 കോടി രൂപയുടെ ബാങ്ക് വായ്പ നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതി. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടാൽ കുടുംബവും അതുവഴി സംസ്ഥാനവും രാജ്യവും അഭിവൃദ്ധിപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുമെന്നതിനാലാണ്,​ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ രാജ്യത്തെ ഓരോ സ്ത്രീയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടണമെന്ന് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ബാങ്ക് സഖി, കൃഷി സഖി, പശു സഖി, നമോഡ്രോൺ ദീദി എന്നീ പദ്ധതികൾ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നു.

വിജയങ്ങളുടെ

വനിതാ മാതൃക

മൂന്നുകോടി സ്ത്രീകൾകൂടി ഉടൻ 'ലഖ്പതി ദീദികളാ"കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ സ്ത്രീകൾ പുരോഗതി പ്രാപിക്കുകയും വിജയിക്കുകയും മാത്രമല്ല,​ വിജയത്തിന്റെ പുതിയ മാനങ്ങൾ സ്ഥാപിക്കുകയും വേണം. കഴിഞ്ഞ പത്തു വർഷമായി സ്ത്രീക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിക്കുകയും,​ ഈ മേഖലയിൽ അഭൂതപൂർവമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും കേന്ദ്രബിന്ദുവാണ് വനിതകൾ. അവരാണ് നമ്മുടെ ശ്രേഷ്ഠവും സമൃദ്ധവുമായ ഭാവിയുടെ അടിത്തറ. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും സ്ത്രീകളുടെ പ്രാധാന്യം പരാമർശിക്കുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കാതെ സമ്പന്നമായ രാഷ്ട്രം നമുക്ക് സങ്കല്പിക്കാനാവില്ല. സ്ത്രീശാക്തീകരണവും സ്ത്രീകളുടെ ആകമാനമുള്ള ഉന്നമനവും രാജ്യം ലക്ഷ്യമിട്ടതിന്റെ ഫലമാണ് 'ലഖ്പതി ദീദി" പദ്ധതി.


ഇന്ന്, നമ്മുടെ 'ലഖ്പതി ദീദി" കൃഷിയിലും കാർഷികേതര തൊഴിലുകളിലും കുടിൽ വ്യവസായങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. ഇതിനു പുറമേ,​ പോഷകാഹാരം, ശുചിത്വ യജ്ഞങ്ങൾ, ഗതാഗതം, വ്യവസായം എന്നീ മേഖലകളുമായി സഹകരിച്ച് അവർ സ്വയം ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വനിതകളുടെ സമഗ്ര വികസനത്തിനായി 'നാരി ഗൗരവ് നീതി" എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു. ഇതുവഴി സ്ത്രീകൾ സ്വതന്ത്രരും സ്വയംപര്യാപ്തരും ശക്തരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ നടത്തി. ഇന്ന്, ഏകദേശം 10 കോടി സ്ത്രീകൾ രാജ്യത്തുടനീളമുള്ള 92 ലക്ഷം സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുവഴി അവർ സ്വന്തം ജീവിതത്തെ ക്രിയാത്മകമായി പരിവർത്തനം ചെയ്യുകയും,​ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു.


ബേട്ടി ബച്ചാവോ- ബേട്ടി പഠാവോ, സുകന്യ സമൃദ്ധി തുടങ്ങിയ യജ്ഞങ്ങളിലൂടെ രാജ്യത്തെ സ്ത്രീ- പുരുഷ അനുപാതത്തിൽ കാര്യമായ പുരോഗതിയും വിപ്ലവകരമായ മാറ്റങ്ങളുമുണ്ടായി. 'ഉജ്വല യോജന"യിലൂടെ പത്തു കോടിയിലധികം സ്ത്രീകളെ പുക നിറഞ്ഞ അടുക്കളകളിൽ നിന്ന് മോചിപ്പിച്ചു. ഇന്ന്, 'പി.എം മുദ്ര യോജന"യിലൂടെയും 'ജൻ ധൻ യോജന"യിലൂടെയും ഈ സന്തോഷം കോടിക്കണക്കിന് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുകയാണ്. 'ജൽ ജീവൻ" ദൗത്യം പോലുള്ള പരിശ്രമങ്ങളുടെ ഫലമായി ഗ്രാമപ്രദേശങ്ങളിൽപ്പോലും ടാപ്പുകളിലൂടെ ശുദ്ധജലം ലഭിക്കുന്നു. പ്രസവാവധി കാലയളവ് നീട്ടാനുള്ള തീരുമാനം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുഗ്രഹമാകുന്നു.

അവർക്കായ്

നൂറു വാതിൽ


നമ്മുടെ പെൺമക്കൾക്കായി സൈനിക വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നിട്ടതിനാൽ സൈന്യത്തിൽ വനിതാ പ്രാതിനിദ്ധ്യം വർദ്ധിക്കുന്നു. മാത്രമല്ല, ഉയർന്ന തസ്തികകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സൈന്യത്തിൽ പുതിയ നിയമനങ്ങൾക്കും കേന്ദ്ര സർക്കാർ വാതിലുകൾ തുറന്നു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ മുസ്ലിം സ്ത്രീകൾക്ക് അവരുടെ വിധി മാറ്റിമറിച്ച പുതിയ അവകാശങ്ങൾ ലഭിച്ചു. കായികരംഗത്തും ഇന്ത്യൻ സ്ത്രീകൾ മുന്നേറി. 'ഖേലോ ഇന്ത്യ" പോലുള്ള പരിപാടികളിലൂടെ പുതിയ പ്രതിഭകൾ ഉദയം ചെയ്തു. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ആഗോള കായിക വേദികളിൽ നമ്മുടെ വനിതാ കായികതാരങ്ങൾ രാഷ്ട്രത്തിന്റെ അഭിമാനമായി.


സ്വതന്ത്ര ഇന്ത്യയുടെ ഈ സുവർണ കാലഘട്ടത്തിൽ സ്ത്രീശാക്തീകരണത്തിനും എല്ലാ മേഖലകളിലും അവരുടെ വർദ്ധിച്ച പങ്കാളിത്തത്തിനും രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കുന്നതിനും അവരുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണ് 'നാരീശക്തി വന്ദൻ അധിനിയം. കുടുംബം മുതൽ പഞ്ചായത്തു വരെ, വിദ്യാഭ്യാസം മുതൽ സമ്പദ്‌വ്യവസ്ഥയും സംരംഭവും വരെ എല്ലാ മേഖലകളിലും 'നാരീശക്തി" വികസനത്തിന് പുതിയ മാനങ്ങൾ നൽകുന്നു. സ്റ്റാർട്ടപ്പുകൾ മുതൽ ബഹിരാകാശം വരെ ഭാരതീയ സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിക്കുകയും അഭിമാനത്തോടെ ത്രിവർണ പതാക ഉയർത്തുകയും ചെയ്തു. നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ 'സ്ത്രീയില്ലാതെ ഏതൊരു യജ്ഞവും അപൂർണമാണ്" എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, വികസിത ഭാരതമെന്ന ലക്ഷ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമം, ഉന്നമനം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.