
മുടിയിലെ എണ്ണയും അഴുക്കും മാറ്റാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂ പലപ്പോഴും മുടിയെ നശിപ്പിക്കുന്നു. മുടി പൊട്ടിപ്പോകാനും കൊഴിച്ചിലുണ്ടാകാനും ഇത് കാരണമാകുന്നു. എന്നാൽ ഷാംപൂ ഉപയോഗിക്കാതിരുന്നാലോ മുടിയിൽ അഴുക്ക് നിറഞ്ഞ് താരൻ വരും. ഇതിനൊരു ശാശ്വത പരിഹാരമാണ് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഷാംപൂ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ ഷാംപൂ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഒരാഴ്ച കേടുകൂടാതെയിരിക്കും. ഹോസ്റ്റലിൽ നിൽക്കുന്നവർക്കും മടിയുള്ളവർക്കും ഈ ഷാംപൂ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
വെള്ളം - ആവശ്യത്തിന്
ആര്യവേപ്പില - രണ്ട് പിടി
ഫ്ലാക്‌സീഡ് - 2 സ്‌പൂൺ
ഷാംപൂ ബേസ് - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒന്നര ഗ്ലാസ് വെള്ളത്തിൽ ആര്യവേപ്പിലയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത് ഒരു രാത്രി മുഴുവൻ വയ്‌ക്കണം. പിറ്റേന്ന് രാവിലെ കുറച്ച് വെള്ളത്തിൽ ഫ്ലാക്‌സീഡ് ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ച് വയ്‌ക്കുക. അൽപ്പ സമയം കഴിയുമ്പോൾ ഇത് ജെൽ രൂപത്തിലാകും. ആര്യവേപ്പില വെള്ളവും ഫ്ലാക്‌സീഡ് ജെല്ലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഷാംപൂ ബേസും ചേർത്ത് ഒരു ബോട്ടിലിലാക്കി അടച്ച് സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം
ഈ ഷാംപൂ ദിവസവും ഉപയോഗിക്കാവുന്നതാണ്. തലയിലെ എണ്ണയും താരനും പേൻ ശല്യവും ഒഴിവാക്കാൻ വളരെ നല്ലതാണ്.