calicut-fc-

കോഴിക്കോട്: പ്രഥമ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടൂർണമെന്റിനുള്ള കാലിക്കറ്റ് എഫ്സിയുടെ 30 അംഗ ടീമിൽ ആറ് വിദേശ താരങ്ങളും അഞ്ച് ദേശീയ താരങ്ങളും. ജിജോ ജോസഫ് ടുട്ടു നയിക്കുന്ന ടീമിലെ 19 പേർ കേരളത്തിൽ നിന്നുള്ള കളിക്കാരാണ്. രണ്ട് മാസം നീണ്ടുനിൽക്കുന്ന ലീഗിന് ഈ ശനിയാഴ്ച തുടക്കമാകും.

202122 സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിക്കുകയും പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആകുകയും ചെയ്ത ജിജോ ജോസഫ് അടക്കമുള്ള കളിക്കാരുള്ള പേരുകൾ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. മിഡ് ഫീൽഡറായ ജിജോ തൃശ്ശൂർ സ്വദേശിയാണ്. 32 കാരനായ ജിജോ നേരത്തെ ഈസ്റ്റ് ബംഗാൾ എഫ് സിക്കും ഗോകുലം കേരളയ്ക്കും വേണ്ടി കളിച്ചിരുന്നു.

കാലിക്കറ്റ് എഫ് സി ടീമിൽ അഞ്ച് ഗോൾകീപ്പർമാരെ കൂടാതെ നാല് സ്‌ട്രൈക്കർമാരും ഏഴ് മിഡ്ഫീൽഡർമാരും 11 ഡിഫൻഡർമാരുമാണുള്ളത്. അന്തർദേശീയ പ്രശസ്തനായ ഇയാൻ ആൻഡ്രൂ ഗില്ലൻ ആണ് കാലിക്കറ്റ് എഫ്സിയുടെ പരിശീലകൻ. ബിബി തോമസ് മുട്ടത്ത് സഹ പരിശീലകൻ. പ്രമുഖ ആഗോള സോഫ്‌റ്റ്വെയർ കമ്പനിയായ ഐബിഎസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ ടൈറ്റിൽ സ്‌പോൺസർ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ആണ്. കെൻസ ടിഎംടി സ്‌ട്രെങ്‌ത് പാർട്ണർ.

കെർവെൻസ് ബെൽഫോർട്ട് (ഹെയ്തി), പാപെ ഡയകെറ്റ്, ബോബാകർ സിസോകോ (സെനഗൽ), ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാർഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാർഫോ (ഘാന) എന്നിവരാണ് കാലിക്കറ്റ് എഫ് സിയുടെ വിദേശ താരങ്ങൾ.

ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും രണ്ട് വീതവും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കളിക്കാരനുമുൾപ്പെടെ അഞ്ച് ദേശീയ താരങ്ങൾ കാലിക്കറ്റ് എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങും. ഒലെൻ സിംഗ്, ഖാൻഗെബാം തോയ് സിംഗ് എന്നിവരാണ് മണിപ്പൂരി താരങ്ങൾ. മറ്റ് മൂന്ന് പേർ ഗോൾകീപ്പർമാരാണ്. വിശാൽ ജൂൻ, സച്ചിൻ ഝാ (ഇരുവരും ഹരിയാന). ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണ് അമൻ കുമാർ സാഹ്നി. ടീമിന് മലയാളികളായ മുഹമ്മദ് നിഷാദ് പി.പി., മുഹമ്മദ് നിയാസ് എന്നീ രണ്ട് ഗോളിമാർ കൂടിയുണ്ട്.

ഹഫീസ് പി എ, ബ്രിട്ടോ പി.എം, കെർവെൻസ് ബെൽഫോർട്ട്, ഏണസ്റ്റ് ബാർഫോ എന്നിവരാണ് സ്‌ട്രൈക്കർമാർ. അബ്ദുൾ ഹക്കു നെടിയോടത്ത്, അഭിറാം കെ, റിച്ചാർഡ് ഒസെയ് അഗ്യെമാങ്, ഡെയ്ൻ സാജു, റിജോൺ ജോസ്, ഒലെൻ സിംഗ്, മുഹമ്മദ് റിയാസ് പി ടി, മുഹമ്മദ് അസ്ലം പി, മനോജ് എം, പാപെ ഡയകെറ്റ്, മുഹമ്മദ് സലിം എന്നിവർ കാലിക്കറ്റിന്റെ ഡിഫൻഡർമാരാകും.

ജെയിംസ് അഗ്യേകം കൊട്ടെയ്, ബോബാകർ സിസോകോ, കിരൺ പി, അർജുൻ വി., മുഹമ്മദ് അർഷഫ് എ കെ, ജിജോ ജോസഫ്, ഖാൻഗെബാം തോയ് സിംഗ് (മിഡ് ഫീൽഡർ), റോഷൻ ജിജി, താഹിർ സമാൻ, ഗനി അഹമ്മദ് നിഗം (വിംഗർ) എന്നിവരാണ് മറ്റ് കളിക്കാർ.

ടീം പ്രഖ്യാപന ചടങ്ങിൽ ഐബിഎസ് സ്ഥാപക എക്സിക്യുട്ടീവ് ചെയർമാൻ വി.കെ മാത്യൂസ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സിഒഒ ലുക്മാൻ പൊൻമാടത്ത്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അബ്രഹാം മാമ്മൻ, കെൻസ ടിഎംടി ചെയർമാൻ മൊയ്തീൻ കോയ, കെൻസ ടിഎംടി എംഡി മുജീബ് റഹ്മാൻ, കെൻസ ടിഎംടി സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഷഹാദ് മൊയ്തീൻ, കാലിക്കറ്റ് എഫ്സി സിഇഒ കോരത്ത് വി മാത്യൂസ്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ് സിയുടെ ഹോം ഗ്രൗണ്ട്. ഇവിടെ അഞ്ച് ഹോം മത്സരങ്ങൾ ടീം കളിക്കും. എവേ മത്സരങ്ങൾ മറ്റ് ടീമുകളുടെ നഗരങ്ങളിൽ നടക്കും. ലീഗ് ഘട്ടത്തിൽ സെ്ര്രപംബർ 10 മുതൽ പത്ത് മത്സരങ്ങളാണ് കാലിക്കറ്റ് എഫ് സി കളിക്കുക. ടീൽബ്ലൂ (ഹോം), മഞ്ഞ (എവേ മത്സരങ്ങൾ), പിങ്ക്ലാവെൻഡർ (പരിശീലനത്തിനായി) എന്നീ ജഴ്സികളാണ് ടീം ഉപയോഗിക്കുക.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. 30 ലീഗ് മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഒന്നര കോടി രൂപയാണ് സമ്മാനത്തുക. കൊച്ചി, കോഴിക്കോട്, മഞ്ചേരി (മലപ്പുറം), തിരുവനന്തപുരം എന്നീ നാല് സ്ഥലങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങൾ നടക്കുക. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനൽ ഉൾപ്പെടെ ആകെയുള്ള 33 മത്സരങ്ങളിൽ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബർ 10ന് കൊച്ചിയിലാണ് ഫൈനൽ. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക. സ്റ്റാർ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.