
മോണ്ടിവിഡിയോ: ദീർഘകാലം ഉറുഗ്വേ ഫുട്ബാൾ ടീമിന്റെ കുന്തമുനയായിരുന്ന സ്ട്രൈക്കർ ലൂയിസ് സുവാരേസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു. ഈ മാസം ആറിന് പരഗ്വേയ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം രാജ്യത്തിന്റെ ജേഴ്‌സിയിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് നിറകണ്ണുകളോടെയാണ് 37കാരനായ സുവാരേസ് അറിയിച്ചത്. 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയിട്ടുള്ള സുവാരേസ് ഉറുഗ്വേയുടെ ആൾടൈം ടോപ് സ്‌കോററാണ്.
2007ൽ ദേശീയ ടീമിലേത്തിയ സുവാരേസ് ഡീഗോ ഫോലാനടക്കമുള്ള അന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം ഉറുഗ്വേയെ പഴയ പ്രൗഡിയിലേക്ക് തിരികെയെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2010 ലോകകപ്പിൽ ഉറുഗ്വേ മൂന്നാം സ്ഥാനത്തെത്തിയതിലും 2011ൽ കോപ്പ അമേരിക്ക കിരീടം നേടിയതിലും സുവാരേസിന്റെ പങ്ക് ചെറുതല്ല.2011 കോപ്പയിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടത് സുവാരേസായിരുന്നു.
17 വർഷം നീണ്ട കരിയറിൽ മൈതാനത്ത് മറക്കാനാകാത്ത മുഹൂർത്തങ്ങൾക്കൊപ്പം വിവാദങ്ങളും സൃഷ്ടിച്ചയാളാണ് സുവാരസ്. 2010 ലോകകപ്പിൽ ഘാനയുടെ അസമാവോ ഗ്യാനിന്റെ ഗോളെന്നുറപ്പായ ഷോട്ട് കൈകൊണ്ട് തട്ടിക്കളഞ്ഞതും 2014 ലോകകപ്പിനിടെ ഇറ്റാലിയുടെ താരം ജിയോർജിയോ കെല്ലിനിയെ കടിച്ചതുമൊക്കെ സുവാരേസ് സൃഷ്ടിച്ച വിവാദങ്ങളായിരുന്നു. കെല്ലിനിയെ കടിച്ചതിന് നാലു മാസത്തെ വിലക്ക് ലഭിച്ചിരുന്നു.
അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചാലും ക്ളബ് ഫുട്ബാളിൽ തുടരാനാണ് താരത്തിന്റെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിനായും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കായും പന്തു തട്ടിയ സുവാരസ് ഇപ്പോൾ മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമിയുടെ താരമാണ്. ലയണൽ മെസിക്കൊപ്പമാണ് മയാമിയിൽ സുവാരേസ് കളിക്കുന്നത്. മെസിയും സുവാരേസും നെയ്മറും ചേർന്ന ലാറ്റിനമേരിക്കൻ ത്രയം ഒരുകാലത്ത് ബാഴ്സലോണയ്ക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിയിരുന്നു.