kollam

'മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി, കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് കെ ഹേമ കമ്മിറ്റി. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെ. ഹേമ അദ്ധ്യക്ഷയായിട്ടുള്ള കമ്മിറ്റിയിൽ പ്രശസ്ത സിനിമാതാരം ശാരദയും കേരളസർക്കാരിൽ നിന്നും പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച ശ്രീമതി കെബി വൽസലകുമാരിയും അംഗങ്ങളാണ്.

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത സിനിമാ വ്യവസായത്തിൽ വ്യാപകമായി നിലനിൽക്കുന്നുവെന്നും പുരുഷമേധാവിത്വം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒന്നാണ് മലയാള സിനിമാരംഗമെന്നും കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. മാഫിയാ സംഘം പോലെ പ്രവർത്തിയ്ക്കുന്ന ഒരു അധികാര ലോബിയാണ് എല്ലാ വിധ ചൂഷണത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നതെന്നുമാണ് നിരവധി പേരുടെ മൊഴികളിൽ നിന്നും അവർ ഹാജരാക്കിയതുൾപ്പടെയുള്ള മറ്റു രേഖകളിൽ നിന്നും കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. മറ്റു തൊഴിലിടങ്ങളിൽ നിന്നും(work place) വെത്യസ്ഥമായി ,തൊഴിലിടത്തിലേക്ക് എത്തുന്നതിനു മുൻപു മുതലേ sexual demand and harrassment തുടങ്ങുന്നു വെന്ന പരാതി നിരവധി പേർ ഉന്നയിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂനിയർ ആർട്ടിസ്റ്റുകളും അസിസ്റ്റൻ്റ്/അസോസിയേറ്റ്സ് ഡയറക്ടർമാരും ഹെയർ സ്റ്റൈലിസ്റ്റുകളുമൊക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കമ്മിറ്റി ഗൗരവമായിത്തന്നെ പരാമർശിച്ചിട്ടുണ്ട്. അതുപോലെ തൊഴിലിടങ്ങളിൽ , തൊഴിൽ വേളകളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കിയേ മതിയാകൂ എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പരാതി കേൾക്കുന്നതിനും ഉടനടി പരിഹരിക്കുന്നതിനുമായി ഒരു റിട്ടയർഡ് ജില്ലാ ജഡ്ജിയെ ട്രിബ്യൂണൽ ആയി നിയമിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തു പറയുന്നു. കൂടാതെ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യം പോലും ഒരുക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നു. സ്ത്രീകളുൾപ്പെടെയുള്ള ജൂനിയർ ആർട്ടിസ്റ്റുകളെ മനുഷ്യരായി പ്പോലും കാണാൻ കൂട്ടാക്കാത്ത ഇടനിലക്കാരെപ്പറ്റിയും കമ്മിറ്റി പ്രതിപാദിയ്ക്കുന്നു.

പക്ഷേ, ഇക്കിളിപ്പെടുത്തുന്ന കഥകളിൽ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുള്ള ചർച്ചകൾ , ഈ കമ്മിറ്റിയുടെ ഉദ്യമത്തേയും ഉദേശ്യ ശുദ്ധിയെയും തകിടം മറിയ്ക്കാനും പരിഹൃതമാകേണ്ട പ്രശ്നങ്ങൾ ഒരിക്കലും പരിഹരിയ്ക്കപ്പെടാതെ പോകുന്നതിനും മാത്രമേ ഇടയാക്കൂ എന്നതാണ് വസ്തുത. സാധാരണ കലോപാസകർ ശാന്തപ്രകൃതികളും നിഷ്കളങ്കരുമാണ്. എന്നാൽ കച്ചവടവുംഅവകാശപ്പോരാട്ടവും യൂണിയനിസവുമൊക്കെ മാത്രമായി കലയെ കൊണ്ടുകെട്ടുമ്പോൾ കലാകാരൻ കലാപകാരനായി നശിക്കുന്നത് നാം കാണാതിരുന്നു കൂട. സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കാണുന്ന കലാകാരനും , കലാകാരനെ ജാതി,മത, ലിംഗ ,രാഷ്ട്രീയ അടിസ്ഥാനത്തിൽ വേർ തിരിച്ചു കാണുന്ന മാനസിക വൈകൃതം വെച്ചുപുലർത്തുന്നവർക്കുംസ്വന്തം കുടുംബത്തിൽ നിന്നു തന്നെ ചികിത്സ തുടങ്ങേണ്ടതാണ് . പരസ്പര സമ്മത പ്രകാരമുള്ള ശാരീരിക ബന്ധങ്ങൾക്കു ശേഷം , പല കാരണങ്ങളാൽ തെറ്റിക്കഴിയുമ്പോൾ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നതും ഹീനം തന്നെയാണ്. ചർച്ചകളെ പരിഹാര പക്ഷത്തേയ്ക്ക് വഴിതിരിച്ചുവിടാൻ മാദ്ധ്യമധർമ്മം പുലർത്തുന്നവർ ശ്രദ്ധിച്ചാൽ നന്ന്.