security-personnel

റായ്‌പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് നക്‌സലൈറ്റുകളെ വധിച്ചു. ഇന്ന് ഛത്തീസ്‌ഗഡിലെ ദന്തേവാഡയിലാണ് സംഭവം. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നക്‌സലൈറ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തി.

തെരച്ചിലിനിടെ രാവിലെ 10.30ഓടെയാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കമ്പനി നമ്പർ 2-ൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സെൽഫ് ലോഡിംഗ് റൈഫിൾ 303 ഉൾപ്പെടെ നിരവധി ആയുധങ്ങൾ സംഭവസ്ഥലത്ത് മൃതദേഹങ്ങൾക്കൊപ്പം കണ്ടെടുത്തു. 12 ബോർ തോക്കുകളും ഉണ്ടായിരുന്നു.

പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇടയ്‌ക്കിടെ വെടിവയ്‌പ്പ് നടക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടില്ല. കഴിഞ്ഞയാഴ്‌ച ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ പൊലീസിന്റെ ചാരന്മാർ എന്ന സംശയത്തിന്റെ പേരിൽ മൂന്ന് ഗ്രാമവാസികളെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ഛത്തീസ്ഗഡ് സന്ദർശിച്ചിരുന്നു. നക്‌സൽ വിരുദ്ധ തന്ത്രങ്ങൾ ഏഴ് സംസ്ഥാനങ്ങളിലെ പൊലീസ് ഡയറക്ടർ ജനറലുമായി അമിത് ഷാ ചർച്ച ചെയ്തു.