
കോഴിക്കോട്: മികച്ച ഐടിഐ അദ്ധ്യാപകർക്കുള്ള ദേശീയ അദ്ധ്യാപക അവാർഡിന് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിലെ രണ്ട് ഇൻസ്‌ട്രക്ടർമാർ അർഹരായി. കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ രാധാകൃഷ്ണൻ പി.കെ, കൊയിലാണ്ടി ഗവ. ഐടിഐ യിലെ സീനിയർ ഇൻസ്ട്രക്ടർ മുഹമ്മദ് അക്ബർ എന്നിവരാണ് 2024ലെ മികച്ച ഐടിഐ അദ്ധ്യാപകർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
ദേശീയതലത്തിൽ നടക്കുന്ന ദീർഘകാല നൈപുണ്യ വികസന പരിശീലന പദ്ധതികളിലെ അദ്ധ്യാപകർക്കായി 9 ദേശീയ പുരസ്കാരങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദേശീയ അദ്ധ്യാപക ദിനമായ നാളെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
കോഴിക്കോട് ഗവ. ഐടിഐയിലെ ഫിറ്റർ ട്രേഡിലെ അദ്ധ്യാപകനായ രാധാകൃഷ്ണൻ പി.കെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ബ്ലെൻഡഡ് ലേണിംഗ് രീതിയിൽ പരിശീലനം നൽകി ശ്രദ്ധ നേടിയിട്ടുള്ള അദ്ധ്യാപകരിലൊരാളാണ്. ലോക്ക് ഡൌൺ കാലത്ത് ഇദ്ദേഹത്തിന്റെ നൂതന പരിശീലന രീതി ഒട്ടേറെ വിദ്യാർത്ഥികൾക്ക് സഹായകമായിരുന്നു.
കൂടാതെ അഖിലേന്ത്യാ തലത്തിൽ ഫിറ്റർ ട്രേഡിലേക്കുള്ള എൻ.സി.വി.ഇ.ടി പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന സമിതിയിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ഐടിഐ ട്രെയിനികൾക്ക് പരിശീലനം നൽകുകയും പ്രളയകാലത്ത് വാസയോഗ്യമല്ലാതായ വീടുകൾ വാസയോഗ്യമാക്കുന്നതിനായി വ്യാവസായിക പരിശീലനവകുപ്പ് ആവിഷ്കരിച്ച നൈപുണ്യ കർമ്മസേനയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയാണ് രാധാകൃഷ്ണൻ. കൊയിലാണ്ടി ഗവ.ഐടിഐയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ അദ്ധ്യാപകനായ മുഹമ്മദ് അക്ബർ വൊക്കേഷണൽ ട്രെയിനിംഗിലെ മികവിന് 2022, 2023 വർഷങ്ങളിൽ കേരള സർക്കാരിന്റെ അനുമോദനത്തിനു അർഹനായിട്ടുണ്ട്. വ്യാവസായിക പരിശീലന വകുപ്പിന്റെ ലേണിംഗ് മാനേജ്‌മെന്റ് പോർട്ടൽ, ഐടിഐ അഡ്മിഷൻ കുറ്റമറ്റ രീതിയിൽ നടത്തുന്ന ജാലകം പോർട്ടൽ, ഓൺലൈനായി മോഡൽ പരീക്ഷകൾ എഴുതുന്നതിനു സഹായിക്കുന്ന മോക്ക് ടെസ്റ്റ് ആപ്ലിക്കേഷൻ എന്നിവയുടെ രൂപകൽപ്പനയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.കോഴിക്കോട് ചേളന്നൂർ സ്വദേശിയാണ് മുഹമ്മദ് അക്ബർ.