dn

ഹരിപ്പാട് : തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ നടക്കുന്ന പുലിമുട്ട് നിർമാണത്തിനായി ടെട്രാപോഡുമായി വന്ന ലോറി നിയമലംഘനത്തെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് പിടികൂടി. ആലപ്പുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ.രമണന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് തൃക്കുന്നപ്പുഴ പതിയാങ്കരയിൽ വച്ച് എൻഫോഴ്സ്മെന്റ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.ബി.ചന്തു, എ.വരുൺ എന്നിവർ ചേർന്ന് ലോറി പിടികൂടിയത്.

പുലിമുട്ടിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് വാഹനം. ഇതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു. നിയമ ലംഘനത്തിന് 17000 രൂപ പിഴയിട്ടു.

തലങ്ങും വിലങ്ങും ഓടി വാഹനങ്ങൾ

മൂന്ന് വർഷത്തിലേറെയായി പ്രദേശത്ത് പുലിമുട്ട് നിർമാണം നടന്നുവരികയാണ്. നിരവധി വാഹനങ്ങളാണ് ഇതിന്റെ ഭാഗമായി , വീതി കുറഞ്ഞ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലൂടെ തലങ്ങുംവിലങ്ങും ഓടുന്നത്. പരിചയ സമ്പന്നരല്ലാത്തവരാണ് വലിയഭാരം വഹിക്കുന്ന ലോറികൾ ഓടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് മാസം മുമ്പ് കരാറുകാരുടെ വാഹനമിടിച്ച് ഒരാൾക്ക് പരിക്കേറ്റെങ്കിലും പണം നൽകി കേസ് ഒത്തു തീർത്തു. മാസങ്ങൾക്ക് മുമ്പ് ട്രാഫിക് എൻഫോഴ്സ്മെന്റ് അമ്പലപ്പുഴ ഭാഗത്തുവെച്ച് പുലിമുട്ട് നിർമ്മാണ കരാറുകാരുടെ ലോറി പിടികൂടി പിഴ ഈടാക്കിയിരുന്നു.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശത്ത് പാലിമുട്ട് നിർമാണത്തിനായി ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളും ഹാജരാക്കാൻ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്

- മോട്ടോർ വാഹന വകുപ്പ് അധികൃതർ