
പതിന്നാലാം വയസിൽ ആദ്യ സിനിമാ ഗാനം: ഡയമണ്ട് നെക്ക്ലേസിലെ 'തൊട്ട് തൊട്ടു നോക്കാമോ....?" ആ ഹിറ്റിനു ശേഷം പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പതിനഞ്ചോളം പിന്നണി ഗാനങ്ങൾ. ഇപ്പോൾ മാസ്റ്റേഴ്സ് പഠനത്തിനൊപ്പം കച്ചേരികൾ, സ്റ്റേജ് പരിപാടികൾ, ഭജനുകൾ... വേദികളിൽ മേഘരാഗമായി അഭിരാമി അജയ്
ലാൽ ജോസിന്റെ 'ഡയമണ്ട് നെക്‌ലേസി"ൽ ഡ്യൂയറ്റ് പാടാൻ ചെന്നൈയിലെ 'വർഷ വല്ലകി" സ്റ്റുഡിയിലേക്ക് കയറിച്ചെന്ന ഗായികയെക്കണ്ട് വിദ്യാസാഗർ ഒന്നു ഞെട്ടി. വെളുത്തു കൊലുന്നനെ ഒരു പതിന്നാലുകാരി. ഈ കൊച്ചിനെക്കൊണ്ട് എങ്ങനെ ഡ്യൂയറ്റ് പാടിക്കും! അതായിരുന്നു സംഗീത സംവിധായകന്റെ ടെൻഷൻ. പത്തു പന്ത്രണ്ടു വർഷം മുമ്പാണ്. 'തൊട്ട് തൊട്ടു നോക്കാമോ..." എന്ന അന്നത്തെ ആദ്യഗാനത്തിനും തിരുവനന്തപുരത്ത് 'സൂര്യ" സംഗീത പരിപാടിയിൽ ഇന്നലത്തെ ഭക്തി കീർത്തന കച്ചേരിക്കുമിടയിൽ അഭിരാമി അജയ് പാടിനിറഞ്ഞ രാഗദൂരം ചെറുതല്ല!
മലയാളത്തിലും തമിഴിലുമായി പതിനഞ്ചോളം പിന്നണി ഗാനങ്ങൾ. അഴലിന്റെ ആഴങ്ങളിൽ.... (സിനിമ: അയാളും ഞാനും തമ്മിൽ), ഓമനപ്പൂവേ.... (ഒരു ഇന്ത്യൻ പ്രണയകഥ), മധുമതി.... (ഗീതാഞ്ജലി), പൂവിതളായ് ഞാൻ.... (തോപ്പിൽ ജോപ്പൻ) എന്നിവ ഉൾപ്പെടെ പാടിയതിലേറെയും പ്രേക്ഷകർക്ക് പ്രിയതരം. പിന്നെ, സംഗീത ആൽബങ്ങൾ, സ്റ്രേജ് പരിപാടികൾ, കച്ചേരികൾ, യു ട്യൂബ് ചാനൽ... കർണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയുടെയും ഗസലുകളുടെയും ഭജനുകളുടെയും സ്വരഹൃദയത്തിലേക്ക് ഒഴുകിനിറയുന്ന ഭാവഗംഗയായി അഭിരാമി പാടിക്കൊണ്ടേയിരിക്കുന്നു.
ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ അതിഥിയായെത്തിയ ലാൽജോസ് ആണ്, അന്ന് ഷാർജ ഡൽഹി സ്കൂളിൽ ഒൻപതാം ക്ളാസുകാരിയായിരുന്ന അഭിരാമിയുടെ ശബ്ദസൗകുമാര്യം സിനിമയിലേക്ക് കണ്ടെത്തുന്നത്. 'അമ്പലപ്രാവ്" എന്ന സിനിമയ്ക്കു വേണ്ടി എം.എസ്. ബാബുരാജ് ഈണമിട്ട്, എസ്. ജാനകി ആലപിച്ച 'താനേ തിരിഞ്ഞും മറിഞ്ഞും...." സ്റ്റേജിൽ പാടാനെത്തിയതായിരുന്നു പെൺകുട്ടി. പാട്ടു തീർന്നപ്പോൾ ലാൽ ജോസ് പരിചയപ്പെട്ടു. സിനിമയിൽ പാടാമോ എന്നു ചോദിച്ചപ്പോൾ, അച്ഛന്റേയും അമ്മയുടേയും മുഖത്തേക്കു നോക്കി, കുഴപ്പമില്ലെന്ന് മറുപടി.
പിന്നണി ഗായികയാകുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ലെന്ന്, ആ ഒൻപതാംക്ളാസ് കാലം ഓർത്തെടുത്ത് അഭിരാമി പറയുന്നു: ''സിനിമ, സ്റ്റുഡിയോ, വലിയ സംഗീത സംവിധായകർ, റെക്കാർഡിംഗ്.... അതൊക്കെ വിചാരിച്ച് പേടിതോന്നുന്ന പ്രായമായിരുന്നില്ലല്ലോ. വിദ്യാസാഗർ സാറിന് വോയ്സ് ക്ളിപ്പ് അയയ്ക്കാൻ ലാൽ ജോസ് സാർ ആണ് പറഞ്ഞത്. പിന്നെയും കുറേ മാസം കഴിഞ്ഞാണ് ആ വിളി വന്നത്. ചെന്നൈയിൽ വരണം; 'ഡയമണ്ട് നെക്‌ലേസി"ലെ ഒരു പാട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കൂടെ വിദ്യാസാഗർ സാറിന്റെ സ്റ്റുഡിയോയിൽ പോയി. 'തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ..." എന്ന ഡ്യൂയറ്റിലെ തമിഴ് വരികളാണ് പാടേണ്ടതെന്ന് അറിഞ്ഞപ്പോൾ ആദ്യം അമ്പരന്നു. സ്റ്റേജുകളിൽ തമിഴ് പാട്ടൊക്കെ പാടിയിരുന്നതുകൊണ്ട് പേടി തോന്നിയില്ല.""
രണ്ടാം ക്ളാസ് മുതൽ പന്ത്രണ്ടാംക്ളാസ് വരെ ദുബായിലായിരുന്നു അഭിരാമിയുടെ പഠിത്തം. കോഴിക്കോട്ട് സർക്കാർ സർവീസിലായിരുന്ന ഡോ. അജയ് കുമാറും ഭാര്യ, ഡോ. അശ്വതിയും ദീർഘകാല അവധിയെടുത്ത് ദുബായിൽ പ്രാക്ടീസിനു പോയപ്പോൾ ഏകമകളും ഒപ്പം. കോഴിക്കോട്ടു നിന്ന് തിരുവല്ലയിലെ അമ്മവീട്ടിലേക്കുള്ള കാർയാത്രകളിൽ കേട്ട സിനിമാപ്പാട്ടുകൾ മൂളി തുടക്കം. ദുബായിലെത്തിയപ്പോൾ സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ മകൾ ഡോ. ലക്ഷ്മി മേനോനെ ഗുരുനാഥയായി കിട്ടി. അവധിക്ക് നാട്ടിലെത്തുമ്പോഴൊക്കെ രവീന്ദ്രനാഥ് മാഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി സംഗീതപഠനം. ഇടയ്ക്ക് ചെന്നൈയിൽ ഡോ. കെ.എൻ. രംഗനാഥ ശർമ്മയ്ക്കു കീഴിൽ അഭ്യസനം. മലയാളത്തിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും ദുബായിൽ സ്റ്റേജ് ഷോകൾക്ക് എത്തുമ്പോൾ, ആ വേദികളിലെ 'ബാലതാര"മായി. ഒടുവിൽ അതുതന്നെ സിനിമയിലേക്ക് വഴിതുറക്കുകയും ചെയ്തു.
ഡ്യൂയറ്റ് പാടാനെത്തിയ ഒൻപതാംക്ളാസുകാരിയെ കണ്ട് ഞെട്ടിയ വിദ്യാസാഗർ പക്ഷേ, പാട്ടിന്റെ റെക്കാർഡിംഗ് കഴിഞ്ഞപ്പോൾ തലയിൽ കൈവച്ച് അനുഗ്രഹിച്ചു: 'നന്നായി വരും." പിന്നെ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ഗോപിസുന്ദർ തുടങ്ങിയ പ്രമുഖരുടെയൊക്കെ സംഗീത സംവിധാനത്തിൽ സിനിമകളിൽ പാടി. ഒപ്പം പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, വിദ്യാധരൻ മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖരുടെ സംഗീത ആൽബങ്ങളിലായി എത്രയോ പാട്ടുകൾ. ലാൽ ജോസിന്റെ തന്നെ 'അയാളും ഞാനും തമ്മിൽ" എന്ന ചിത്രത്തിലെ 'അഴലിന്റെ ആഴങ്ങളിൽ" എന്ന പാട്ടിന്റെ ഫീമെയിൽ വേർഷൻ സിനിമയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും മ്യൂസിക് ആൽബത്തിലുണ്ട്. അതിന്, മികച്ച പുതുമുഖ ഗായികയ്ക്കുള്ള സൗത്ത് ഇൻഡ്യൻ മ്യൂസിക് അവാർഡ് കിട്ടി. ജി.എം.എം.എ അവാർഡ്, എം.എസ് സുബ്ബുലക്ഷ്മി യുവ സംഗീതരത്ന, യുവ പ്രതിഭശ്രീ.... അങ്ങനെ നീളുന്നു, പുരസ്കാരങ്ങൾ. അതിനിടെ യു.എസിലെ ബെർക്‌ലി കോളേജ് ഒഫ് മ്യൂസിക്കിന്റെ എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിനും അർഹയായി.
സംഗീതത്തിന്റെ വലംപിരിശംഖിലേക്ക് കാതോർക്കാൻ പഠിപ്പിച്ചത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ആണെന്ന് ആദരവോടെ പറയുന്നു, അഭിരാമി: ''രാമായണമാകട്ടെ, ഭക്തിഗീതങ്ങളാകട്ടെ.... വരികളുടെ അർത്ഥമറിഞ്ഞും, ഭാവം ഗ്രഹിച്ചും പാടണമെന്ന് പറഞ്ഞുതന്നത് മാഷാണ്. സിനിമയിൽ പാടുമ്പോഴും ഓരോ വാക്കിന്റെയും അർത്ഥം ചോദിക്കും. അമ്മയ്ക്കും അച്ഛനും നല്ല വായനാശീലമുള്ളതുകൊണ്ട് വീട്ടിൽ നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. അതുകൊണ്ട് മാധവിക്കുട്ടിയേയും ബഷീറിനേയുമൊക്കെ നേരത്തേ പരിചയമായി. അധികവും ഇംഗ്ളീഷിലാണെങ്കിലും കുറച്ചൊക്കെ എഴുതുന്ന ശീലവും വന്നു...""
ഹിന്ദുസ്ഥാനിയും ഭജനുകളും പാടിത്തുടങ്ങിയതോടെ, സംഗീതത്തിന്റെ മറ്റൊരു ആകാശത്തേക്ക് അഭിരാമിയുടെ വിചാരങ്ങൾ ചിറകു വിടർത്തുകയായിരുന്നു. ഭക്തി പ്രസ്ഥാനത്തിന്റെ ചരിത്രം, ക്ഷേത്രചരിത്രം, ഭജനുകളിൽ നിറയുന്ന ഫിലോസഫി, മീരാബായ്, കബീർദാസ്, സൂർദാസ്, ജയദേവ കവി, ആണ്ടാൾ.... തിരുവനന്തപുരത്ത് തൈക്കാട്ടെ 'ഗണേശം" ഓഡിറ്രോറിയത്തിൽ 'ഡിവൈൻ എക്കോസ്" എന്ന പേരിൽ അഭിരാമി അജയ് ഇന്നലെ അവതരിപ്പിച്ച കീർത്തന ഗാനപരിപാടി വെറുമൊരു സംഗീതാവതരണമായിരുന്നില്ല; അവയുടെ ആത്മാവിലേക്കുള്ള ധ്യാന തീർത്ഥാടനം! സംസ്കൃതം, തമിഴ്, മറാഠി ഭാഷകളിലെ പ്രശസ്ത ഭക്തിഗീതങ്ങളുടെ അവതരണവും ആഖ്യാനവുമായി ഒന്നരമണിക്കൂർ ദീർഘിച്ച രാഗസഞ്ചാരം.
ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ, പേരിടാത്ത ചിത്രത്തിനു വേണ്ടി പാടിയതിനു ശേഷം അഭിരാമി ഒരു ബ്രേക്ക് എടുത്തു. അവസരങ്ങൾക്കായി അങ്ങോട്ടു വിളിക്കുന്ന കാര്യത്തിൽ ഇത്തിരി പിന്നാക്കമാണെന്ന് അഭിരാമി തന്നെ സമ്മതിക്കുന്നു- ''ഇതുവരെ കിട്ടിയതെല്ലാം എന്നെ തേടി ഇങ്ങോട്ടു വന്നതായിരുന്നു. എനിക്കായി ദൈവം നിശ്ചയിച്ചിട്ടുള്ളത് എനിക്കുതന്നെ വരും. അതാണ് എന്റെ വിശ്വാസം."" ഹൈദരാബിൽ, ടാറ്റാ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പബ്ളിക് പോളിസി ആൻഡ് ഗവേർണൻസിൽ മാസ്റ്രേഴ്സ് വിദ്യാർത്ഥിനിയാണ് ഇപ്പോൾ അഭിരാമി. സംഗീതത്തിൽ പിഎച്ച്.ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴായാലും അതു ചെയ്യും.
അടുത്ത വർഷം ഏപ്രിലിലാണ് വിവാഹം. തിരുവനന്തപുരം സ്വദേശിയും ആർക്കിടെക്റ്റുമായ നന്ദകിഷോർ ആണ് വരൻ.