nehru-trophy

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്താൻ തീരുമാനം. സെപ്‌തംബർ 28ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് യോഗം ചേർന്നാണ് തീരുമാനം എടുത്തത്. 28ന് ജലമേള നടത്തുന്നതിന് മുഖ്യമന്ത്രി അനുമതി നൽകിയതായി മന്ത്രി പി.പ്രസാദ് യോഗത്തിൽ അറിയിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാകും മത്സരം ആരംഭിക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി നേരത്തെ മാറ്റിവച്ചത്. പിന്നീട് തീയതി നിശ്ചയിക്കാതായതോടെ തയ്യാറെടുപ്പും പണച്ചെലവും കാട്ടി കോ ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിയ്‌ക്ക് മുൻപ് നിവേദനം നൽകിയിരുന്നു.

ഈ മാസം 28ന് നടത്തുന്നില്ലെങ്കിൽ മത്സരം ബഹിഷ്‌ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകൾ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അസോസിയേഷൻ യോഗ തീരുമാനം ഭാരവാഹികൾ ആലപ്പുഴ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. പരിശീലന തുഴച്ചിലിന് രണ്ടാഴ്ചയെങ്കിലും വേണം. 26 വരെ ഓണക്കാലത്തോടനുബന്ധിച്ച് മറ്റ് വള്ളംകളികൾ നടക്കുന്ന സാഹചര്യത്തിലാണ് 28ന് നെഹ്രുട്രോഫി നടത്തണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത മാസമാണ് സർക്കാർ നടത്തുന്നതെങ്കിൽ ബഹിഷ്‌ക്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ബോട്ട് ക്ലബുകളുടെയും വള്ളംകളി പ്രേമികളുടെയും പ്രതിഷേധം ശക്തമായതോടെ നെഹ്രു ട്രോഫി നടത്തുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, സജി ചെറിയാൻ എന്നിവർ നൽകിയിരുന്നു. എന്നാൽ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബോട്ട് ക്ലബ് ഭാരവാഹികൾ നിലപാട് കടുപ്പിച്ചത്. തുടർന്നാണ് ഇന്ന് തീരുമാനമുണ്ടായത്.