
''ഓണക്കാലം, നമുക്കിപ്പോൾ കേവലം ആഘോഷങ്ങളുടെ കാലം മാത്രമല്ലല്ലോ! വമ്പിച്ച ആദായ വില്പനക്കാരുടെയും ആമോദ കാലമല്ലേ! എന്നാൽ, വ്യക്തത ആവശ്യമുള്ളത് യഥാർത്ഥത്തിൽ 'ആദായം" ആർക്കാണെന്നതാണ്?"" പ്രഭാഷകൻ ഓണത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയപ്പോൾ, സദസ്യർ പ്രതീക്ഷിച്ചത് ഓണത്തിന്റെ ഐതിഹ്യവും കഥകളും പറയുമെന്നായിരുന്നു. എന്നാലത്, 'ആദായ വില്പന"ക്കാരിലെത്തുമെന്ന് ആരും കരുതിയില്ല! അത്തരമൊരു കൗതുകത്തിൽ, പ്രഭാഷകൻ സദസ്യരെയാകെ വാത്സല്യപൂർവം നോക്കിക്കൊണ്ട് ഇപ്രകാരം തുടർന്നു:
''നമ്മുടെ നാട്ടിലെ ചിലയിടങ്ങളിൽ, കുരങ്ങുശല്യം വലിയൊരു പ്രശ്നമായി മാറി. അവറ്റകൾ കൃഷിയിടങ്ങൾ മുഴുവൻ നശിപ്പിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ അവിടേക്ക്, എവിടെ നിന്നോ ഒരു പറ്റം 'മനുഷ്യസ്നേഹികൾ" എത്തി. അവർ അവിടെ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് ബലമുള്ള വേലിയും മേൽക്കൂര പോലെ വലയും, അതിനുള്ളിൽ കുരങ്ങുകൾക്കുള്ള വള്ളിക്കുടിലുകളും സ്ഥാപിച്ചു. വൈകാതെ, അവിടെ 'കുരങ്ങുകളുടെ പുനരധിവാസകേന്ദ്ര"മെന്നൊരു ബോർഡും പ്രത്യക്ഷപ്പെട്ടു! അതിനു സമീപമായി മറ്റൊരു ബോർഡും സ്ഥാനം പിടിച്ചു: 'കുരങ്ങുകളെ ആവശ്യമുണ്ട്." ആളുകൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഒരു കുരങ്ങിന് അൻപതുരൂപ നിരക്കിൽ വിലക്കെടുക്കുമെന്ന് അറിയുന്നത്. തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടുന്ന നാടിന് അതുപകർന്ന ആശ്വാസം വളരെ വലുതായിരുന്നു!
നാട്ടിലെ തൊഴിൽരഹിതർ ചേർന്ന് കുരങ്ങിനെ പിടിച്ച് അൻപതുരൂപ നിരക്കിൽ പുനരധിവാസകേന്ദ്രത്തിന് നൽകിത്തുടങ്ങി. അപ്പോഴാണ് അടുത്ത അറിയിപ്പ്, ഇനി കുരങ്ങിന് നൂറു രൂപ ലഭിക്കുമത്രെ! പുതിയ നിരക്കിൽ കൊടുക്കാൻ കുരങ്ങുകൾക്ക് വലിയ ക്ഷാമമുണ്ടായി. പിന്നാലെ അടുത്ത അറിയിപ്പെത്തി. ഇനി മുതൽ ഇരുന്നൂറു രൂപ നിരക്കിൽ ലഭിക്കും! അപ്പോഴേക്കും നാട്ടിൽ ഒരു കുരങ്ങു പോലുമില്ലാത്ത അവസ്ഥയായി! അപ്പോൾ അടുത്ത ബോർഡ് പ്രത്യക്ഷപ്പെട്ടു: 'കുരങ്ങുകളെ നൂറ്റിയമ്പതു രൂപയ്ക്ക് വില്ക്കാനുണ്ട്". കണക്കുകൾ നോക്കിയാൽ ലാഭമുള്ള സംഗതിയാണല്ലോ! നൂറ്റിയമ്പതു രൂപക്കു വാങ്ങി ഇരുന്നൂറു രൂപക്ക് അവിടെത്തന്നെ വിൽക്കാം. ഉടനെ അവർ എല്ലാവരും'ക്യൂ"നിന്ന് നൂറ്റിയമ്പതു രൂപയ്ക്ക് കുരങ്ങുകളെ തിരികെ വാങ്ങി!
അങ്ങനെ എല്ലാ കുരങ്ങുകളെയും വലിയ വിലയ്ക്ക് വിറ്റ് പുനരധിവാസകേന്ദ്രം കാലിയാക്കി. തൊട്ടടുത്ത ദിവസം നാട്ടുകാർ നോക്കിയപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന ബോർഡുകളൊന്നും കണ്ടില്ല! ആ 'മിടുക്കന്മാരാരെ"ന്ന് അന്വേഷിച്ചിട്ട് ഇന്നുവരെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല! 'കുഞ്ഞിരാമന്റെ പൊടിക്കൈ"എന്നൊരു പാഠം പണ്ട് രണ്ടാം ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്നു. അതു പഠിച്ചിട്ടുള്ളവർ ഒരു ഉടുപ്പു വാങ്ങിയാൽ രണ്ടെണ്ണം സൗജന്യമെന്നു കേട്ടാലുടനെ അവിടെ ഓടിക്കയറി ചെല്ലില്ല! കാരണം, ഒരു ഉടുപ്പിന്റെ വിലക്ക് ഒരിക്കലും മൂന്നുടുപ്പുകൾ വിൽക്കാൻ കഴിയില്ല!
നന്മയുടെ സന്ദേശമാണല്ലോ മാവേലി തമ്പുരാന്റെ സ്മരണകളിലൂടെ ഓണം നമ്മിലുണർത്തുന്നത്. എന്നാൽ, ചൂഷണം സ്വന്തം ഭാവമാക്കിയവർ ചെറിയ ആദായക്കച്ചവടത്തിലൊന്നും നിൽക്കില്ല! നഷ്ടക്കച്ചവടങ്ങൾ ചെയ്ത് പുരോഗതി പ്രാപിച്ച മുതലാളിയാരാണ്? അപ്പോൾ, വമ്പിച്ച 'ആദായവില്പന"യിലെ ആ 'വമ്പൻ"നിങ്ങളായിരിക്കുമോ എന്നുകൂടി ചിന്തിച്ച് ഓണം ആഘോഷിക്കു!ചിലപ്പോൾ നിങ്ങൾ പറയുമായിരിക്കാം:ഓണത്തിനിടയിലാണ് ഈ പുട്ടുകച്ചവടം! അപ്പോൾ ഞാൻ പറയും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട."" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു.