abbas

സിനിമാ ലോകത്തിന്റെ താരപ്പകിട്ടില്‍ നിന്ന ശേഷം പിന്നീട് കൊടിയ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും വീണുപോയ ഒരുപാട് പേരുടെ ജീവിതകഥകള്‍ കേട്ടിട്ടുണ്ട് പ്രേക്ഷകര്‍. ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയി തിളങ്ങി നിന്ന ശേഷം ഇന്ന് നടന്‍ അബ്ബാസ് ദുരിതജീവിതത്തിലാണ്. ഒരു വര്‍ക്‌ഷോപ്പിലെ മെക്കാനിക്കിന്റെ വേഷമാണ് ജീവിതത്തില്‍ താരത്തിനിപ്പോള്‍. കൊല്‍ക്കത്തയിലെ ഹൗറയില്‍ ജനിച്ച പയ്യന് എയര്‍ഫോഴ്‌സില്‍ ഒരു വൈമാനികനാകാനായിരുന്നു ആഗ്രഹം.

കാതല്‍ദേശം എന്ന ചിത്രം തമിഴകം ഏറ്റെടുത്തു, അതിലെ മുസ്തഫ...മുസ്തഫ എന്ന ഗാനം ഏറ്റുപാടാത്ത യുവാക്കളുണ്ടായിരുന്നില്ല അക്കാലത്ത്. ബംഗളൂരുവില്‍ പഠനകാലത്താണ് അബ്ബാസിന് മോഡലിംഗ് രംഗത്തോട് താത്പര്യം തോന്നിയത്. ഈ കാലത്താണ് സംവിധായകന്‍ കതിര്‍ അടുത്ത സിനിമയിലേക്ക് നായകനെ തേടുന്നുവെന്ന പരസ്യം കാണുന്നത്. തന്റെ തമിഴ് സുഹൃത്തുക്കളെയെല്ലാം അബ്ബാസ് ഓഡിഷന് പറഞ്ഞുവിട്ടു.

അവസാനം ഒരു സുഹൃത്തിന്റെ നിര്‍ബ്ബന്ധത്തെ തുടര്‍ന്ന് ഓഡിഷനില്‍ പങ്കെടുത്തു. അബ്ബാസിനെ ഇഷ്ടപ്പെട്ട കതിര്‍, സ്‌ക്രീന്‍ ടെസ്റ്റിനായി ക്ഷണിച്ചു. അങ്ങനെയാണ് 'കാതല്‍ദേശ'ത്തിലേക്ക് താരത്തിന് അവസരം ലഭിച്ചത്. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന മലയാള സിനിമയില്‍ മഞ്ജു വാര്യരുടെ നായകനായി അബ്ബാസ് അഭിനയിച്ചു. ഹാര്‍പിക് ടോയ്ലറ്റ് ക്ലീനറിന്റെ പരസ്യത്തിലൂടെ ടി.വി.പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായി അദ്ദേഹം മാറി.

പിന്നീട് പടയപ്പ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഹേ റാം, ആനന്ദം, ഡ്രീംസ് തുടങ്ങി ഒരുപിടി ശ്രദ്ധേയമായ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. താരമൂല്യത്തില്‍ പെട്ടെന്ന് ഉയര്‍ന്ന അബ്ബാസ് അപ്രതീക്ഷിതമായി കരിയറില്‍ തിരിച്ചടി നേരിടുകയും ചെയ്തു. പെട്ടെന്നായിരുന്നു നായക വേഷങ്ങളില്‍ നിന്ന് താരം അപ്രത്യക്ഷമായത്. പിന്നീട് താരം സിനിമാ മേഖലയില്‍ നിന്ന് അകന്നു. സാമ്പത്തിക പ്രതിസന്ധിയിലായ താരത്തിന് ചിത്രങ്ങളില്‍ വേഷം കിട്ടാതായതോടെ കടം പെരുകുകയും ചെയ്തു.

abbas

സിനിമയില്‍ നിന്ന് മാറിയ വേളയില്‍ താരം ബിസിനസിലും ഒരു കൈ നോക്കി. എന്നാല്‍ ഉ്ള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടും ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിദേശത്തേക്ക് പോകുകയായിരുന്നു അദ്ദേഹം. ന്യൂസിലാന്‍ഡില്‍ എത്തിയ താരം അവിടെ മെക്കാനിക്കായി, ടാക്സി ഡ്രൈവറായി. പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും പണിയെടുത്തു. പിന്നീട് തമിഴ് ബിഗ് ബോസില്‍ ഉള്‍പ്പെടെ പങ്കെടുത്തെങ്കിലും സിനിമയിലേക്ക് താരത്തിന് ഒരു അവസരവും ലഭിച്ചില്ല.